പുതുവര്‍ഷം എങ്ങനെ മനോഹരമാക്കാം?

പുതുവര്‍ഷത്തിലെ പുതു ദിനത്തിലാണ് നാം ഇപ്പോള്‍ നില്ക്കുന്നത്. പഴയകാലത്തെ ചില വേദനകളും സങ്കടങ്ങളും നിരാശതകളും നഷ്ടബോധങ്ങളും ചിലപ്പോള്‍ നമ്മെ വേട്ടയാടുന്നുണ്ടാവാം. പക്ഷേ അവയൊരിക്കലും നമ്മുടെ സന്തോഷങ്ങളെ ഇല്ലാതാക്കരുത്. പുതുവര്‍ഷത്തെ അനുഗ്രഹപ്രദമാക്കാന്‍ നാം സ്വീകരിക്കേണ്ട മനോഭാവം സന്തോഷത്തിന്റെയും നന്ദിയുടെയുമായിരിക്കണം. നമ്മുടെ ജീവിതത്തില്‍ ദൈവം പ്രസാദിച്ച നന്മകളെക്കുറിച്ച് അനുസ്മരിച്ചും അത് മറ്റുള്ളവരോട് പങ്കുവച്ചുകൊണ്ടുമായിരിക്കണം നാം പുതുവര്‍ഷത്തെ സ്വീകരിക്കേണ്ടത്. പുതുവര്‍ഷത്തെ മനോഹരമാക്കാന്‍ അപ്രകാരമുള്ള ഏതാനും ചിലകാര്യങ്ങള്‍ കുറിക്കാം.

നല്ലതു സംസാരിക്കുക

കഴിഞ്ഞവര്‍ഷത്തില്‍ ചിലപ്പോള്‍ പല മോശം കാര്യങ്ങളും സംഭവിച്ചിട്ടുണ്ടാകാം. എന്നാല്‍ അവയെക്കുറിച്ച് ഓര്‍ത്തിരിക്കാതെ നല്ല കാര്യങ്ങള്‍ മാത്രം മനസ്സിലേക്ക് കൊണ്ടുവരിക. നല്ല കാര്യങ്ങളെക്കുറിച്ചുമാത്രം സംസാരിക്കുക. മറ്റുളളവരിലേക്ക് പോസിറ്റീവ് മനോഭാവം പകരുക. നല്ല കാര്യങ്ങള്‍ കേള്‍ക്കുമ്പോഴാണ് നമ്മുടെ മനസ്സിലും നല്ല ചിന്തകള്‍ ഉണ്ടാകുന്നത്. നല്ല വാക്കുകളിലൂടെ നാം ദൈവത്തിന്റെ കൃപയെയു അനുഗ്രഹങ്ങളെയും പങ്കുവയ്ക്കുകയും മറ്റുളളവരില്‍ ദൈവികസ്മരണ ഉണര്‍ത്തുകയും ചെയ്യുക.

മറ്റുള്ളവരെ അനുഗ്രഹിക്കുക

മറ്റുള്ളവരെ ശപിക്കാന്‍ വളരെ എളുപ്പമാണ്. അനുഗ്രഹിക്കാനാണ് ബുദ്ധിമുട്ട്. പ്രത്യേകിച്ച് അകാരണമായി വേദനിപ്പിച്ചവരെ, തെറ്റിദ്ധരിച്ചവരെ..പീഡിപ്പിച്ചവരെ. പക്ഷേ അത്തരക്കാരെ തിരഞ്ഞുപിടിച്ച് മനസില്‍ അവരെ ആത്മാര്‍ത്ഥമായി അനുഗ്രഹിച്ചാലോ..നമ്മുടെ ജീവിതത്തിലേക്ക് തന്നെ അനുഗ്രഹങ്ങള്‍ കടന്നുവരും.

ഓരോരുത്തര്‍ക്കും വ്യക്തിപരമായി ആശംസകള്‍ നേരുക
ഓരോരുത്തര്‍ക്കും പുതുവര്‍ഷത്തിന്റെ മംഗളങ്ങള്‍ വ്യക്തിപരമായി നേര്‍ന്നാലോ. വെറും ഫോര്‍വേഡ് മെസേജുകള്‍ക്ക് പകരം സ്വന്തം കൈയക്ഷരത്തില്‍ ഒരു ആശംസ. അല്ലെങ്കില്‍ സംബോധന ചെയ്തുകൊണ്ട് ഒരു വോയ്‌സ് മെസേജ്. എത്ര നന്നായിരിക്കും അത്

ദൈവികസാന്നിധ്യത്തിന്റെ സാക്ഷ്യം നല്കുക

സ്വന്തം ജീവിതത്തില്‍ ദൈവം നല്കിയ അനുഗ്രങ്ങളുടെ സാക്ഷ്യം പറയുക. എത്രയെത്ര സന്ദര്‍ഭങ്ങളിലാണ് ദൈവം നമ്മെ അനുഗ്രഹിച്ചിരിക്കുന്നത്..രക്ഷിച്ചിരിക്കുന്നത്. അത്തരം സന്ദര്‍ഭങ്ങളിലെ ദൈവികസ്മരണ ദീപ്ം പോലെ നമ്മില്‍ ജ്വലിച്ചുനില്ക്കുന്നുണ്ടാവും. അവ മറ്റുള്ളവരോട് പറയുക.