നൈജീരിയായില്‍ നിന്ന് വീണ്ടും വൈദികനെ തട്ടിക്കൊണ്ടുപോയി

നൈജീരിയ: വൈദികരെ തട്ടിക്കൊണ്ടുപോകുന്നത് തുടര്‍ക്കഥയാകുന്ന നൈജീരിയായില്‍ നിന്ന് വീണ്ടുമൊരു തട്ടിക്കൊണ്ടുപോകല്‍ കൂടി റിപ്പോര്‍ട്ട ചെയ്യപ്പെട്ടു. വാരി രൂപതയിലെ സേക്രട്ട് ഹാര്‍ട്ട് കത്തീഡ്രല്‍ അഡ്മിനിസ്‌ട്രേറ്റര്‍ ഫാ. ബെനഡിക്ടിനെയാണ് തട്ടിക്കൊണ്ടുപോയിരിക്കുന്നത്. മാര്‍ച്ച് 15 നാണ് സംഭവം. രാത്രി എട്ടുമണിക്കാണ് തട്ടിക്കൊണ്ടുപോകല്‍ നടന്നിരിക്കുന്നത്. പ്രിന്‍സിപ്പലായി അടുത്തകാലത്ത് നിയമിതനായ സെന്റ് ജോര്‍ജ് കോളജിലേക്ക് വരുന്ന വഴിയാണ് അപകടം.

ആയുധധാരികള്‍ അദ്ദേഹത്തെ തട്ടിയെടുത്ത് അജ്ഞാതകേന്ദ്രത്തിലാക്കിയിരിക്കുകയാണ്. വൈദികന്റെ മോചനത്തിന് വേണ്ടി എല്ലാവരും പ്രാര്‍ത്ഥിക്കണമെന്ന് രൂപത പുറപ്പെടുവിച്ച പത്രക്കുറിപ്പില്‍ അഭ്യര്‍ത്ഥിച്ചു.