ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ഝാന്‍സിയില്‍ കന്യാസ്ത്രീകള്‍ ആക്രമിക്കപ്പെട്ടെന്ന പരാതി അടിസ്ഥാനരഹിതമാണെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍. പരാതിയുടെ അടിസ്ഥാനത്തില്‍ പരിശോധന പൂര്‍ത്തിയാക്കിയിരുന്നു. എബിവിപിക്കാര്‍ ആക്രമിച്ചു എന്നത് ആരോപണം മാത്രമാണ്. ഭിന്നിപ്പിന് വേണ്ടിയാണ് ഈ വിഷയം ഉന്നയിച്ചതെന്നും ഇത് കേരളത്തില്‍ ചര്‍ച്ചയാക്കുന്നത് വോട്ടിന് വേണ്ടിയാണെന്നുമാണ് മന്ത്രിയുടെ നിലപാട്.
മലയാളികള്‍ ഉള്‍പ്പടെയുള്ള കന്യാസ്ത്രീകള്‍ അപമാനിക്കപ്പെട്ട സംഭവത്തെക്കുറിച്ച് കേസെടുത്ത് അന്വേഷണം നടത്തുമെന്ന് അമിത് ഷാ ഉറപ്പുനല്കിയിരുന്നു. എബിവിപിക്കാരാണ് കന്യാസ്ത്രീകളെ ആക്രമിച്ചതെന്ന് ഝാന്‍സി റെയില്‍വേ പോലിസ് സൂപ്രണ്ടും വെളിപെടുത്തിയിരുന്നു. എന്നാല്‍ ഇതിനെ നിഷേധിച്ചുകൊണ്ടാണ് കേന്ദ്രമന്ത്രിയുടെ പ്രസ്താവന.
മാര്‍ച്ച് 19 നാണ് ഡല്‍ഹിയില്‍ നിന്ന് ഒഡീഷയിലേക്ക് പോയ ട്രെയിനില്‍ ഝാന്‍സിയില്‍ വച്ച് മലയാളി അടക്കമുള്ള കന്യാസ്ത്രീകള്‍ക്ക് നേരെ ആക്രമണം നടന്നത്.