ക്രൈസ്തവ സന്യാസിനിമാരും സ്ത്രീത്വത്തിൽ അഭിമാനിക്കുന്നവരാണ്…സിനിമാ മേഖലയിലുള്ളചില സ്ത്രീകളെ മോശമായി ചിത്രീകരിച്ച് വീഡിയോയും കമൻ്റുകളും ഇട്ട ഒരു വ്യക്തിയെ ഏതാനും ചില സ്ത്രീകൾ കൂടി ചോദ്യം ചെയ്യുകയും കയ്യേറ്റം നടത്തുകയും ദേഹത്ത് കരിഓയിൽ ഒഴിക്കുകയും ചെയ്യുന്ന ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിലും വാർത്താ ചാനലുകളിലും സ്ഥാനം പിടിച്ചിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടു. ധാരാളം വ്യക്തികൾ ഈ സംഭവത്തെ അനുകൂലിച്ചും പ്രതികൂലിച്ചും ഫേസ്‌ബുക്ക് പോസ്റ്റുകൾ ഇടുകയും അഭിപ്രായങ്ങൾ എഴുതുകയും ചെയ്യുന്നു.
ഈ വേളയിൽ കേരളസമൂഹത്തിൽ നാല്പത്തിനായിരത്തിലേറെ വരുന്ന സന്യസ്തരായ ഞങ്ങൾക്ക് ഈ പൊതുസമൂഹത്തോട് ചിലത് പറയാനുണ്ട്.ഏകദേശം രണ്ടു വർഷത്തിലേറെയായി ഞങ്ങൾ ക്രൈസ്തവ സന്യാസിനികൾ കേരളത്തിൽ മുമ്പൊരിക്കലുമില്ലാത്ത വിധത്തിൽ ഒരുപാട് അവഹേളനങ്ങൾ നേരിടുന്നു. വളരെ വൃത്തികെട്ട പദപ്രയോഗങ്ങൾ നേരിട്ടും, വീഡിയോയിലൂടെയും, സമൂഹമാധ്യമങ്ങളിലൂടെയും വാരി വിതറി, ഞങ്ങളെ അങ്ങേയറ്റം പരിഹസിച്ചപ്പോൾ ചാനലുകളും നിയമവും സാമൂഹ്യ സാംസ്കാരിക പ്രവർത്തകരും ഞങ്ങളെ സഹായിക്കാനോ, കൂടെ നിൽക്കാനോ, ഒരു ആശ്വാസ വാക്ക് പറയുവാനോ പോലും മുന്നോട്ടു വന്നില്ല. ആത്മാഭിമാനമുള്ള സ്ത്രീകൾ തന്നെയാണ് ഞങ്ങളും എന്ന് ഓർമ്മിപ്പിക്കട്ടെ.
ഞങ്ങൾ കൊടിയ അവഹേളനങ്ങളും പരിഹാസവും നേരിട്ടത് മറ്റൊന്നിനുമല്ല, ഒരു ലക്ഷത്തിലേറെ വരുന്ന ഇന്ത്യയിലെ ക്രൈസ്തവ സന്യാസിനികൾക്കിടയിൽ വിരലിലെണ്ണാവുന്ന ചിലർക്കെതിരെ ആരോപിക്കപ്പെട്ട കുറ്റങ്ങളുടെ പേരിലായിരുന്നു അത്. സന്യസ്തരിൽ എല്ലാവരും പൂർണ്ണരാണെന്നു വാദിക്കാൻ കഴിയില്ലെങ്കിലും, കേരളത്തിലും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലും ലക്ഷക്കണക്കിന് വരുന്ന പാവപ്പെട്ട മനുഷ്യജന്മങ്ങളുടെ നന്മയ്ക്കുവേണ്ടി അഹോരാത്രം കഷ്ടപ്പെടുന്നവരാണ് അവരിൽ ബഹുഭൂരിപക്ഷവും. നിശബ്ദ സേവനം നടത്തുന്ന ഈ സന്യസ്തരുടെ മാനത്തിന് സമൂഹമാധ്യമങ്ങളിൽകൂടി വിലപറഞ്ഞപ്പോഴും ഞങ്ങളിൽ ആരും അത്തരത്തിൽ ഒരാളുടെയും മുഖത്തടിക്കാനോ, ദേഹത്ത് കരിഓയിൽ ഒഴിക്കാനോ ഇറങ്ങിത്തിരിച്ചില്ല.
പകരം, ‘ഇവർ ചെയ്യുന്നത് എന്തെന്ന് ഇവർ അറിയുന്നില്ല, ഇവരോട് ക്ഷമിക്കണമേ’ എന്ന് രാത്രിയുടെ യാമങ്ങളിൽ സക്രാരിയുടെ മുൻപിലിരുന്ന് കണ്ണീരൊഴുക്കി പ്രാർത്ഥിക്കുവാൻ മാത്രമാണ് അനേകായിരം സന്യസ്തർ ശ്രദ്ധിച്ചത്. പ്രാർത്ഥനയാണ് ഏറ്റവും വലിയ ആയുധമെന്നും അതാണ് തങ്ങളുടെ ബലമെന്നും ഞങ്ങൾക്ക് ബോധ്യമുണ്ടായിരുന്നതിനാലായിരുന്നു അത്. പക്ഷെ, സന്യസ്തരുടെ മൗനം മുതലെടുത്തുകൊണ്ട് സമൂഹ മാധ്യമങ്ങളിൽ കൂടിയും ചാനലുകളിലെ അന്തി ചർച്ചകളിൽ കൂടിയും അനേകായിരങ്ങളുടെ മനസ്സിൽ പതിച്ച കേട്ടാലറയ്ക്കുന്ന വാക്കുകൾ കേരളത്തിൻ്റെ പല പൊതുനിരത്തുകളിലും സന്യസ്തരായ ഞങ്ങൾക്ക് നേരെ ഒളിയമ്പുകൾ ആയി എറിഞ്ഞു പലരും ആത്മസംതൃപ്തി അടഞ്ഞപ്പോഴും ഇടപെടാൻ നിയമപാലകരോ, കോടതിയോ, ഭരണാധികാരികളോ, ഫെമിനിസ്റ്റുകളോ ആരും ഉണ്ടായിരുന്നില്ല…
അധിക്ഷേപങ്ങൾ തുടർക്കഥകളാവുകയും വ്യാജപ്രചാരണങ്ങൾ പതിവാകുകയും ചെയ്തപ്പോൾ സഹിഷ്ണുതയോടെ നിയമ വഴിയേ നീങ്ങാൻ ഞങ്ങൾ സന്യസ്തർ തീരുമാനിക്കുകയുണ്ടായി. ഇത്തരം വ്യാജ പ്രചാരണങ്ങൾ സമൂഹത്തെ വലിയ അളവിൽ സ്വാധീനിക്കുന്നു എന്ന തിരിച്ചറിവ് ലഭിച്ചതിനാലായിരുന്നു ആ നീക്കം. ഈ അടുത്ത നാളുകളിൽ വളരെ മോശമായി ഞങ്ങളെ ആക്ഷേപിച്ച് സംസാരിച്ച ഒരു വ്യക്തിക്കെതിരെ കേരളത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ഉള്ള നൂറ്റമ്പതിലേറെ പോലീസ് സ്റ്റേഷനുകളിൽ സന്യസ്തർ ക്രിമിനൽ കേസ് ഫയൽ ചെയ്തത് കേരള ചരിത്രത്തിലെ ആദ്യത്തെ സംഭവം ആയിരിക്കാം. എന്നാൽ, ഏതെങ്കിലും പോലീസ് സ്റ്റേഷനുകളിൽ നിന്ന് വേണ്ട രീതിയിൽ നടപടികൾ സ്വീകരിച്ചോ എന്ന് ഇനിയും വ്യക്തമല്ല. പോലീസ് സ്റ്റേഷനുകളിൽ മാത്രമല്ല, വനിതാകമ്മീഷനും മനുഷ്യാവകാശ കമ്മീഷനും ഈ വിഷയത്തിൽ സന്യസ്തർ പരാതി കൊടുത്തിരുന്നു. അർഹിക്കുന്ന പ്രാധാന്യം ഈ വിഷയത്തിന് ഉത്തരവാദിത്തപ്പെട്ടവർ നൽകിയിട്ടില്ല എന്നുള്ളതാണ് വാസ്തവം.
ഇത്തരം വീഡിയോകളും, മറ്റു സന്ദേശങ്ങളും നിരീക്ഷിക്കുകയും അവ ശരിയെന്ന് വിശ്വസിക്കുകയും ചെയ്യുന്ന പതിനായിരക്കണക്കിനായ സാധാരണക്കാരെ തിരുത്താൻ ഇത്തരം പ്രചാരണങ്ങൾ നടത്തുന്നവർക്ക് കഴിയാത്ത പക്ഷം, നീതിക്ക് വേണ്ടി മുന്നോട്ടുപോകാൻ തന്നെയാണ് സന്യസ്തരുടെ തീരുമാനം. ക്രൈസ്തവ സന്യസ്തരെ നിന്ദിച്ചു കൊണ്ടും അവഹേളിച്ചു കൊണ്ടും വീഡിയോകളും, ലേഖനങ്ങളും, പ്രസ്താവനകളും ഇറക്കുന്ന എല്ലാവരോടും സ്നേഹപൂർവ്വം ഇക്കാര്യം ഓർമ്മിപ്പിക്കുകയും ചെയ്യുന്നു.
കടപ്പാട്: #Voice_of_Nuns