പാക്കിസ്ഥാന്‍: തൂക്കുകയറില്‍ നിന്ന് ഒരു ക്രൈസ്തവന്‍ കൂടി രക്ഷപ്പെട്ടു


ലാഹോര്‍: മതനിന്ദാക്കുറ്റം ചുമത്തി വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട സ്വാന്‍ മസിഹായെ ഹൈക്കോടതി വിട്ടയച്ചു. 2014 ലാണ് ദൈവനിന്ദാനിയമത്തിന്റെ പേരില്‍ സ്വാന്‍ മസിഹയെ വധശിക്ഷയ്ക്ക് വിധിച്ചത്. മുസ്ലീം സുഹൃത്തായ ബാര്‍ബറാണ് സ്വാന് എതിരെ ആരോപണം ഉന്നയിച്ചത്. 2013 ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. തുടര്‍ന്ന് ആയിരക്കണക്കിന് ആളുകള്‍ മസിഹ താമസിക്കുന്ന ലാഹോറിലെ ജോസഫ് കോളനി ആക്രമിക്കുകയും 170 ക്രൈസ്തവഭവനങ്ങളും രണ്ടു ദേവാലയങ്ങളും തകര്‍ക്കപ്പെടുകയും ചെയ്തു. പിന്നീട് പഞ്ചാബ് ഗവണ്‍മെന്റാണ് കോളനി പുതുക്കിപ്പണിതത്.

തെളിവുകള്‍ കൃത്രിമമായി സൃഷ്ടിച്ചതാണെന്ന് തെളിഞ്ഞതുകൊണ്ടാണ് കോടതി ഇദ്ദേഹത്തെ വിട്ടയച്ചത്. ദൈവനിന്ദാക്കുറ്റം ആരോപിച്ച് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടിരുന്ന ക്രൈസ്തവ വനിത ആസിയാബിയും ഇതിന് മുമ്പ് മോചിക്കപ്പെട്ടിരുന്നു.

സ്വാന്‍ മസിഹായെ വിട്ടയച്ചതിലുള്ള നന്ദിസൂചകമായി ഒക്ടോബര്‍ ഒമ്പതിന് ജോസഫ് കോളനിയില്‍ കൃതജ്ഞതാപ്രാര്‍ത്ഥന സംഘടിപ്പിച്ചിട്ടുണ്ട്.