പാക്കിസ്ഥാന്‍: നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് എതിരെ കത്തോലിക്കരുടെ ക്യാംപെയ്ന്‍

ലാഹോര്‍: മതന്യൂനപക്ഷങ്ങള്‍ നേരിടുന്ന നിര്‍ബന്ധിത മതപ്പരിവര്‍ത്തനത്തിന് എതിരെ ഓണ്‍ലൈന്‍ പെറ്റീഷന്‍ നല്കാന്‍ പാക്കിസ്ഥാനി കാത്തലിക് റൈറ്റ്‌സ് ഓര്‍ഗനൈസേഷന്‍ പ്രചരണം ആരംഭിച്ചു. ആന്‍ അപ്പീല്‍ അഡ്രസഡ് റ്റു ദ പ്രൈം മിനിസ്റ്റര്‍ ഓഫ് പാക്കിസ്ഥാന്‍ എന്ന ശീര്‍ഷകത്തില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനത്തില്‍ നിന്ന് ന്യൂനപക്ഷങ്ങളെ രക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്യാപെയ്‌ന് തുടക്കമിട്ടിരിക്കുന്നത്. പ്രധാനമായും മതന്യൂനപക്ഷങ്ങളിലെ സ്ത്രീകളെ മതം മാറ്റി വിവാഹം ചെയ്യുന്ന ദുഷ്പ്രവണതയ്‌ക്കെതിരെയാണ് ഈ പ്രചരണം. സെന്റര്‍ ഫോര്‍ സോഷ്യല്‍ ജസ്റ്റീസിന്റെ നേതൃത്വത്തിലാണ് പ്രചരണം.

പഞ്ചാബ് പ്രോവിന്‍സിലാണ് ഏറ്റവും കൂടുതല്‍ നിര്‍ബന്ധിത മതപരിവര്‍ത്തനങ്ങള്‍ നടക്കുന്നത്.52 ശതമാനം തൊട്ടുപുറകെ സിന്ധ് പ്രവിശ്യയാണ് 44 ശതമാനം. അര്‍സു രാജ എന്ന 13 കാരി പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി 44 കാരനായ മുസ്ലീം നിര്‍ബന്ധിച്ച് മതം മാറ്റി വിവാഹം ചെയ്ത സംഭവം വ്യാപകമായ പ്രതിഷേധത്തിനാണ് കാരണമായിരിക്കുന്നത്. ഇതേ തുടര്‍ന്നാണ് നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് എതിരെ ഓണ്‍ലൈന്‍ പ്രചരണത്തിന് ആരംഭം കുറിച്ചിരിക്കുന്നത്.