പാക്കിസ്ഥാന്‍; തട്ടിക്കൊണ്ടുപോകപ്പെട്ട ക്രൈസ്തവ പെണ്‍കുട്ടിയെ പിതാവിനൊപ്പം വിട്ടയ്ക്കാന്‍ കോടതി ഉത്തരവ്

ലാഹോര്‍: തട്ടിക്കൊണ്ടുപോയി നിര്‍ബന്ധിതമതപ്പരിവര്‍ത്തനത്തിന് വിധേയയാക്കുകയും പിന്നീട് വിവാഹിതയാകുകയും ചെയത പാക്കിസ്ഥാനിലെ ക്രൈസ്തവ പെണ്‍കുട്ടിയെ പിതാവിനൊപ്പംവിട്ടയ്ക്കാന്‍ കോടതി ഉത്തരവ്. ഫറ ഷാഹിന്‍ എന്ന 13 കാരിയെ 45 കാരനായ മുസ്ലീം തട്ടിക്കൊണ്ടുപോയി മതം മാറ്റി വിവാഹം കഴിക്കുകയായിരുന്നു. പ്രസ്തുതസംഭവം വ്യാപകമായ പ്രതിഷേധത്തിന് കാരണമായപ്പോള്‍ പെണ്‍കുട്ടിയെ മോചിപ്പിച്ച് ഗവണ്‍മെന്റ് അഭയകേന്ദ്രത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. പിതാവിനൊപ്പം ജീവിക്കാനാണ് അവള്‍ ആഗ്രഹിക്കുന്നത്.

ഫറയും മുസ്ലീം യുവാവുമായുള്ള വിവാഹം നിയമപ്രകാരം രജിസ്ട്രര്‍ ചെയ്തിട്ടുള്ളതല്ല. ഷെല്‍ട്ടര്‍ ഹോമില്‍ അവളെ സംരകഷിക്കാനുമാവില്ല. ഫൈസലാബാദ് ജഡ്ജി റാണാ മസൂദ് അക്തര്‍ പറഞ്ഞു. അപ്പസ്‌തോല്‍സ് ഓഫ് ഗോസ്പല്‍ മിനിസ്ട്രീസ് ഇന്റര്‍നാഷനല്‍ ബിഷപ് ഇഫ്റ്റിഖര്‍ ഇന്‍ഡ്രിയാസ് പെണ്‍കുട്ടിയുടെ കുടുംബത്തിന് നിയമപരമായ സഹായം നല്കിയിരുന്നു.

തങ്ങളുടെ അനീതിക്കും അപമാനത്തിനും എതിരെ ശബ്ദമുയര്‍ത്തിയ എല്ലാ ക്രൈസ്തവര്‍ക്കും നന്ദി പറയുന്നതായി ഫറയുടെ പിതാവ് മാധ്യമങ്ങളോട് പറഞ്ഞു.