സുവിശേഷപ്രഘോഷകനെയും ഗര്‍ഭിണിയായ ഭാര്യയെയും കൊലപ്പെടുത്തി

നൈജീരിയ: സുവിശേഷപ്രഘോഷകനെയും ഗര്‍ഭിണിയായ ഭാര്യയെയും കൊല്ലപ്പെട്ട നിലയില്‍ അവരുടെ കൃഷിയിടത്തില്‍ കണ്ടെത്തി. കഴിഞ്ഞ ആഴ്ചയാണ് സംഭവം. ക്രൈസ്തവരെ തട്ടിക്കൊണ്ടുപോകുകയും കൊലപ്പെടുത്തുകയും ചെയ്യുന്ന സംഭവങ്ങളില്‍ ഏറ്റവും പുതിയതാണ് ഈ സംഭവം.

പാസ്റ്റര്‍ ഇമ്മാനുവല്‍ സാബയും ഭാര്യ ജൂലിയാനയുമാണ് കൊല്ലപ്പെട്ടത്. അക്രമികള്‍ വെടിവച്ചുകൊലപ്പെടുത്തുകയായിരുന്നു. ജൂണ്‍ ഒന്നിനാണ് കൊലപാതകം നടന്നത്. കൊല്ലപ്പെടുമ്പോള്‍ ജൂലിയാന തങ്ങളുടെ ഒമ്പതാമത്തെ കുഞ്ഞിനെ ഗര്‍ഭം ധരിച്ചിരിക്കുകയായിരുന്നു. ഇമ്മാനുവല്‍ 2014 മുതല്‍ സുവിശേഷപ്രഘോഷണം നടത്തുന്ന വ്യക്തിയാണ്.

കൃഷിയിടത്തില്‍ പണിയെടുത്തുകൊണ്ടിരുന്ന ദമ്പതികളുടെ നേരെ അക്രമി ചാടിവീഴുകയും വെടിവയ്ക്കുകയുമായിരുന്നു. ക്രൈസ്തവര്‍ക്ക് നേരെയുള്ള സംഘടിതമായ അക്രമമാണ് ഇവിടെ നടന്നുകൊണ്ടിരിക്കുന്നത്. ക്രൈസ്തവനേതാക്കളെയും സെമിനാരിക്കാരെയും തട്ടിക്കൊണ്ടുപോകുക. കൊലപ്പെടുത്തുക ഇതെല്ലാം സര്‍വ്വസാധാരണമായിക്കഴിഞ്ഞു. ഹൗസാ ക്രിസ്ത്യന്‍സ് ഫൗണ്ടേഷന്‍ പറയുന്നു.

ഈവര്‍ഷം മെയ് 15 വരെ നൈജീരിയായില്‍ 600 ക്രൈസ്തവര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. കൊല്ലപ്പെടുന്ന ക്രൈസ്തവരുടെ എണ്ണം പെരുകിക്കൊണ്ടിരിക്കുമ്പോഴും ഗവണ്‍മെന്റ് ഉചിതമായ നടപടികള്‍ എടുക്കാത്തത് ക്രൈസ്തവരെ ആശങ്കാകുലരാക്കിയിരിക്കുകയാണ്.