സുവിശേഷപ്രഘോഷകന്റെ ദാരുണാന്ത്യം, ഭാരതസഭ നടുക്കത്തില്‍

മഹാരാഷ്ട്ര: മാവോയിസ്റ്റ് തീവ്രവാദ സംഘടന വെടിവച്ച് കൊലപ്പെടുത്തിയ സുവിശേഷപ്രഘോഷകന്‍ മുന്‍സി ഡിയോ ടാന്‍ഡോയുടെ ദാരുണ്യാന്ത്യത്തില്‍ ഭാരതസഭ നടുക്കവും അനുശോചനവും രേഖപ്പെടുത്തി. തന്റെ വിശ്വാസത്തിന്റെ പേരില്‍ ഒരു ക്രിസ്തുദാസന്‍ കൊല്ലപ്പെട്ടു എന്നത് വളരെ ഖേദകരമാണ്. ഈ അക്രമത്തെ ഞാന്‍ അപലപിക്കുന്നു.ഇതൊരു ഭീരുത്വമാണ്. ഒരാള്‍ക്കും മറ്റൊരാളുടെ ജീവനെടുക്കാനുള്ള അധികാരമില്ല. അക്രമം ഒരു പ്രശ്‌നത്തിനുംപരിഹാരമല്ല. സിബിസിഐ സെക്രട്ടറി ജനറല്‍ ആര്‍ച്ച് ബിഷപ് ഫെലിക്‌സ് അന്തോണി മച്ചാഡോ പ്രസ്താവനയില്‍ അഭിപ്രായപ്പെട്ടു.

ജൂലൈ 10നാണ് മാവോയിസ്റ്റുകളെന്ന് കരുതപ്പെടുന്ന ഒരു സംഘം വീട്ടിലെത്തി കൈകള്‍ ബന്ധിച്ച് കൂട്ടിക്കൊണ്ടുപോയത്, സംഘത്തില്‍ മൂന്നു സ്ത്രീകളുമുണ്ടായിരുന്നു. പിന്നീട് വെടിയേറ്റ് മരിച്ച നിലയിലാണ് മുന്‍സിയെ കണ്ടെത്തിയത്. ഭാര്യയും മൂന്നുകുട്ടികളും ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടു. ക്രൈസ്തവവിശ്വാസം സ്വീകരിച്ചതിന്റെ പേരില്‍ മുന്‍സിയും കുടുംബവും ഗ്രാമീണരില്‍ നിന്ന് വിവേചനം നേരിടുന്നുണ്ടായിരുന്നു.

ഒരു മാസത്തിനുള്ളില്‍ ക്രിസ്തീയവിശ്വാസത്തിന്റെ പേരില്‍ കൊല്ലപ്പെടുന്ന മൂന്നാമത്തെ വ്യക്തിയാണ് മുന്‍സി. കാണ്ഡെ മുഡു എന്ന 27 കാരന്‍, സമറു മാഡ്കാമി എന്ന 14 കാരന്‍ എന്നിവരാണ് ഇതിനുമുമ്പ് കൊല്ലപ്പെട്ടവര്‍. ഈ വര്‍ഷത്തിന്റെ ആദ്യപാതിയില്‍ തന്നെ 293 ക്രൈസ്തവമതപീഡനങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.