വത്തിക്കാന്‍ സിറ്റി: ദൈവാത്മാവ് മാറ്റങ്ങള്‍ വരുത്തുന്നത് ബാഹ്യമായിട്ടല്ല ആന്തരികമായി ഹൃദയത്തിലാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. പെന്തക്കോസ്തു ദിനത്തില്‍ സന്ദേശം നല്കുകയായിരുന്നു പാപ്പ.
പെന്തക്കോസ്തു നാളില്‍ അപ്പസ്‌തോലന്മാര്‍ ഭീതിയിലാണ് കഴിഞ്ഞുകൂടിയിരുന്നത്, പുറത്തിറങ്ങാനുള്ള ധൈര്യം പോലും അവര്‍ക്കില്ലായിരുന്നു. ജീവിതത്തില്‍ സുരക്ഷയുടെ മതില്‍ക്കെട്ടില്‍ ഒളിച്ചിരിക്കാന്‍ നാമും പലപ്പോഴും ഇഷ്ടപ്പെടുന്നവരാണ്. എന്നാല്‍ ദൈവം നമ്മുടെ ഹൃദയകവാടം തട്ടിത്തുറക്കുന്നു, അവിടുത്തെ പരിശുദ്ധാത്മാവിനെ അയച്ച് നമ്മുടെ ഭീതിയും സംശയവും അകറ്റി നമ്മെ ബലപ്പെടുത്തുന്നു.
പരിശുദ്ധാത്മാവിനെ സ്വീകരിച്ച അപ്പസ്‌തോലന്മാര്‍ രൂപാന്തരപ്പെട്ടു നാലു ദിക്കിലേക്കും സുവിശേഷം പ്രഘോഷിക്കാനായി ഇറങ്ങിപ്പുറപ്പെട്ടു. അവര്‍ അവിടുത്തെ ഉത്ഥാനത്തിന്റെ സാക്ഷികളായി മാറി. അവര്‍ എവിടെയെല്ലാം പ്രസംഗിച്ചുവോ അവിടെയെല്ലാം ജനങ്ങള്‍ താന്താങ്ങളുടെ ഭാഷയില്‍ കേട്ടു. ദൈവാത്മാവ് സാര്‍വത്രികമായതാണ് അതിന് കാരണം.
സഭ എക്കാലത്തും ഭാഷകളുടെയും സംസ്‌കാരങ്ങളുടെയും അതിര്‍വരമ്പുകള്‍ക്ക് അപ്പുറത്തേക്ക് എത്തിപ്പെടേണ്ടതുണ്ട്. യഥാര്‍ത്ഥത്തില്‍ സഭയുടെ ഇന്നത്തെ അസ്തിത്വത്തില്‍ ഏറെ ഭിന്നിപ്പും വിഭാഗീയതകളും കാണാം. എന്നാല്‍ ഇതൊന്നും ദൈവികമല്ലെന്നും പാപ്പ ഓര്‍മ്മിപ്പിച്ചു.