പന്തക്കുസ്തായ്ക്ക് ഒരുങ്ങാം, പരിശുദ്ധാത്മാവിനോടുള്ള നൊവേനയ്ക്ക് തുടക്കം കുറിക്കാം

പന്തക്കുസ്തായ്ക്ക് ഒരുക്കമായി പരിശുദ്ധാത്മാവിനോടുള്ള നൊവേനയ്ക്ക് ഇന്ന് തുടക്കം കുറിക്കുകയാണല്ലോ. പരിശുദ്ധാത്മാവിന്റെ അഭിഷേകത്താല്‍ നിറയാന്‍ ഈ ദിവസങ്ങളില്‍ നമുക്ക് പ്രത്യേകമായി പ്രാര്‍ത്ഥിച്ച് ഒരുങ്ങേണ്ടതുണ്ട്. ഇതിനായി നാം ചില ഒരുക്കങ്ങള്‍ നടത്തേണ്ടതുമുണ്ട്. എങ്ങനെയാണ് ഈ ഒരുക്കം നടത്തേണ്ടത് എന്നല്ലേ, പറയാം.

പഴയ നിയമം വായിക്കുക

ഇസ്രായേല്‍ ജനതയുടെ രക്ഷയുടെ വഴികള്‍ മനസ്സിലാക്കാതെയും പഠിക്കാതെയും നമുക്കൊരിക്കലും നമ്മുടെ രക്ഷയുടെ സന്തോഷം ആസ്വദിക്കാന്‍ കഴിയില്ല. അതുകൊണ്ട് നാം പഴയനിയമത്തിലെ ജോഷ്വായുടെ പുസ്തകം ഈ ദിവസങ്ങളില്‍ വായിക്കാന്‍ ശ്രമിക്കണം. ഇസ്രായേല്‍ ജനതയുടെ വാഗ്ദത്ത നാട്ടിലേക്കുള്ള നാടകീയമായ പ്രവേശനം ഇവിടെ നാം വായിക്കുന്നു. ദൈവം ജോഷ്വായോട് പറഞ്ഞ വാക്കുകളും നാം ഓര്‍മ്മിക്കണം. ശക്തനും ധീരനുമായിരിക്കുക. ഭയപ്പെടാതിരിക്കുക. നിന്റെ ദൈവമായ കര്‍ത്താവ് നീ പോകുന്നിടത്തെല്ലാം നിന്നോട് കൂടെയുണ്ടായിരിക്കും. ഈ വാക്കുകള്‍ നമുക്ക് പുതിയ സന്തോഷവും ആശ്വാസവും നല്കും.

മാമ്മോദീസായുടെ സ്മരണ പുതുക്കുക

പശ്ചാത്തപിക്കുക, സ്‌നാനപ്പെടുക ഇതാണ് നാം ചെയ്യേണ്ടത് മാമ്മോദീസായിലൂടെയാണ് നാം സഭയില്‍ അംഗമായത്. ദൈവത്തെ നമ്മുടെ പിതാവായി നാം ഏറ്റുപറഞ്ഞത്. ജീവിതത്തിലെ പരീക്ഷണങ്ങളുടെ സമയത്ത് നാം ആശ്വസിക്കേണ്ടത് പിതാവായ ദൈവത്തെക്കുറിച്ചുള്ള ഓര്‍മ്മയിലായിരിക്കണം.

മനസാക്ഷി പരിശോധിക്കുക

നാം ഓരോ നിമിഷവും സ്വന്തം മനസ്സാക്ഷി പരിശോധിക്കാന്‍ കടപ്പെട്ടിരി്ക്കുന്നവരാണ്. നമ്മുടെ പാപങ്ങള്‍ നമ്മുടെ കണ്‍മുമ്പില്‍ എപ്പോഴുമുണ്ടായിരിക്കണം. അത് മറ്റുള്ളവരെ വിധിക്കാതിരിക്കാനും അതുപോലെ സ്വന്തംപാപങ്ങള്‍ക്ക് വേണ്ടി ദൈവത്തോട് മാപ്പ് ചോദിക്കാനും പ്രേരണനല്കും.

പുറത്തേക്ക് പോവുക

പരിശുദ്ധാത്മാവ് നിറഞ്ഞുകഴിഞ്ഞപ്പോഴാണ് അപ്പസതോലന്മാര്‍ ധീരരായത്. ധീരരായതോടെ അവര്‍ ക്രിസ്തുവിനെ പ്രഘോഷിക്കാനായി പുറപ്പെട്ടു.ക്രിസ്തുവിനെ പ്രഘോഷിക്കാന്‍ നാം ഓരോരുത്തരും കടപ്പെട്ടിരിക്കുന്നവരാണ്. നാം ആയിരിക്കുന്ന ഇടങ്ങളില്‍ ക്രിസ്തുവിനെ പകര്‍ന്നുനല്കുക.

സാക്ഷ്യമേകുക

ക്രിസ്തുവിന് സാക്ഷ്യമേകുക. അത് പ്രധാനപ്പെട്ട കാര്യമാണ്. പേരില്‍ മാത്രം ക്രൈസ്തവസാന്നിധ്യം ഉണ്ടായതുകൊണ്ട് പ്രയോജനമില്ല. അനുദിനജീവിതത്തിലെ എല്ലാ അനുഭവങ്ങളിലും സാഹചര്യങ്ങളിലും ക്രിസ്തുവിന് സാക്ഷ്യമേകാന്‍ ശ്രമിക്കുക.

അപ്പസ്‌തോലന്റെ മാധ്യസ്ഥം തേടുക

പന്ത്രണ്ട് അപ്പസ്‌തോലന്മാരില്‍ ഏതെങ്കിലും ഒരാളുടെ മാധ്യസ്ഥം പ്രത്യേകമായി യാചിക്കുക. അവര്‍ വെറും സാധാരണക്കാരായിരുന്നുവെന്ന് നമുക്കറിയാം. പക്ഷേ അവര്‍ എളിമയുള്ളവരായിരുന്നു. ദൈവസ്‌നേഹമുള്ളവരായിരുന്നു. സഹനങ്ങളില്‍ നഷ്ടധൈര്യരാകാത്തവരായിരുന്നു. അവരുടെ ആ ഗുണങ്ങള്‍ നമുക്ക്ും ലഭിക്കാന്‍ നാം ഈ അപ്പസ്‌തോലരോട് മാധ്യസ്ഥം യാചിക്കണം.