വിഭാര്യന്‍ ഇനി മുതല്‍ വൈദികന്‍

ലൂയിസ് അവാഗ്ലിയാനോയുടെ ഭാര്യ ഫ്‌ളോറ ഏഴു വര്‍ഷം മുമ്പാണ് മരണമടഞ്ഞത്. 38 വര്‍ഷത്തെ സന്തോഷകരമായ ദാമ്പത്യ ബന്ധത്തിന്റെ അവസാനമായിരുന്നു ആ വേര്‍പിരിയല്‍. ഭാര്യയുടെ മരണത്തില്‍ മനം തകര്‍ന്നിരുന്ന വേളയിലാണ് ലൂയിസ് ദൈവസ്വരം വ്യത്യസ്തമായി ശ്രവിച്ചത്. ദൈവം തന്നെ പൗരോഹിത്യത്തിലേക്ക് വിളിക്കുന്നു. ആ വിളിക്ക് അദ്ദേഹം നല്കിയ പ്രത്യുത്തരം അര്‍ജന്റീനയിലെ നിത്യസഹായമാതാ ദേവാലയത്തില്‍ മാര്‍ച്ച് 19 ന് സാക്ഷാത്ക്കരിക്കപ്പെട്ടു.

പെര്‍മനന്റ് ഡീക്കനായി ശുശ്രൂഷ ചെയ്തിരുന്ന അദ്ദേഹം വൈദികനായി അഭിഷേകം ചെയ്യപ്പെട്ടത് അന്നായിരുന്നു. ലൂയിസിന്റെ രണ്ടുമക്കളും ആ നിമിഷങ്ങള്‍ക്ക് സാക്ഷ്യം വഹിക്കാനുണ്ടായിരുന്നു. അവരുടെ പിന്തുണയോടുകൂടിയാണ് ലൂയിസ് പുരോഹിതനായത്.

68 കാരനായ ഫാ. ലൂയിസിന്റെ ജീവിതം ഇങ്ങനെയാണ്. പതിനഞ്ചാം വയസില്‍ അപ്പന്‍ മരിച്ചു. മൂന്നുമാസങ്ങള്‍ക്ക് ശേഷം മുതിര്‍ന്ന സഹോദരിയും. ജീവിതത്തിലെ വളരെ ദുഷ്‌ക്കരമായ സാഹചര്യമായിരുന്നു അതെന്ന്് ഫാദര്‍ ഓര്‍മ്മിക്കുന്നു. അമ്മയും മറ്റൊരു സഹോദരിയും നല്കിയ ആശ്വാസം തീരെ ചെറുതായിരുന്നുമില്ല. ദൈവം എന്നെ ഒരിക്കലും കൈവെടിഞ്ഞിട്ടില്ല. അവിടുന്ന് എനിക്ക് എന്നും ശ്കതിയും കോട്ടയുമായിരുന്നു. ദൈവത്തിലുളള ശരണം ഞാനൊരിക്കലും വെടിഞ്ഞിട്ടുമില്ല. ഫാ. ലൂയിസ് പറയുന്നു.

23 ാം വയസിലായിരുന്നു വിവാഹം. അതിന് നാലുവര്‍ഷം മുമ്പ് ഇരുവരും ഡേറ്റിംങിലായിരുന്നു. 2014 ജൂലൈ 13 ന് വിവാഹത്തിന്റെ 38 ാം വര്‍ഷത്തിലായിരുന്നു ഭാര്യയുടെ വേര്‍പാട്. ഭാര്യ തന്റെ ജീവിതത്തില്‍ നിര്‍ണ്ണായകസാന്നിധ്യമായിരുന്നുവെന്നും ഫാ. ലൂയിസ് ഓര്‍മ്മിക്കുന്നു.