വത്തിക്കാന്‍ സിറ്റി: ക്രിസ്തു തന്റെ ദൗത്യം പൂര്‍ത്തിയാക്കിയത് അകലെ നിന്നോ മുകളില്‍ നിന്നോ താഴേയ്‌ക്കോ അല്ല മറിച്ച് കുനിഞ്ഞ് കൈനീട്ടിയും സാമീപ്യത്തിലും ആര്‍ദ്രതയിലും അനുകമ്പയിലുമായിരുന്നുവെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ.യാതനകളനുഭവിക്കുന്നവരോട് യേശുവിനുള്ള സവിശേഷമായ പരിഗണന വ്യക്തമാക്കിക്കൊണ്ട് പത്രോസിന്റെ അമ്മായിയമ്മയെ സുഖപ്പെടുത്തുന്ന സുവിശേഷഭാഗത്തെ ആസ്പദമാക്കി വചനസന്ദേശം നല്കുകയായിരുന്നു പാപ്പ.
പത്രോസിന്റെ അമ്മായിയമ്മയെ സൗഖ്യപ്പെടുത്തുന്ന ഭാഗത്ത് അവന്‍ അടുത്തുചെന്ന് അവളെകൈപിടിച്ച് എഴുന്നേല്പിച്ചു എന്നാണ് സുവിശേഷകന്‍ വ്യക്തമാക്കുന്നത്. ലളിതമായ ഈ പ്രവൃത്തിയില്‍ വളരെയധികം മാധുര്യമുണ്ട്. യേശു തുടക്കം മുതല്‍ തന്നെ ശരീരത്തിലും ആത്മാവിലും കഷ്ടപ്പെടുന്ന ആളുകളോടുളള തന്റെ സവിശേഷ വാത്സല്യം പ്രകടിപ്പിക്കുന്നുണ്ട്. ശരീരത്തിലും ആത്മാവിലും കഷ്ടപ്പെടുന്ന ആളുകളെ സമീപിക്കുകയെന്നത് യേശുവിന്റെ മുന്‍ഗണനയാണ്.
എല്ലാതരത്തിലുമുള്ള രോഗികളെയും പരിചരിക്കുക എന്നത് യേശുവിന്റെ ദൗത്യം എപ്രകാരമായിരുന്നോ അതുപോലെ തന്നെ സഭയുടെ ദൗത്യത്തിന്റെ അവിഭാജ്യഘടകമാണ്. ക്ലേശിക്കുന്ന മനുഷ്യവംശത്തിന് ദൈവത്തിന്റെ ആര്‍ദ്രത എത്തിച്ചുകൊടുക്കുക എന്നതാണ് ഈ ദൗത്യം. പാപ്പ പറഞ്ഞു.