ആഴ്ചയിലൊന്ന് എന്ന കണക്കില്‍ ആറുമാസത്തോളം സൈക്യാട്രിസ്റ്റിന്റെ സഹായം വേണ്ടിവന്നു: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ തുറന്നുപറച്ചില്‍

ആഴ്ചയില്‍ ഒന്ന് എന്ന കണക്കില്‍ ആറുമാസത്തോളം താന്‍ സൈക്യാട്രിസ്റ്റിന്റെ സഹായം തേടിയിരുന്നുവെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. യുവവൈദികനും ജസ്യൂട്ട് പ്രൊവിന്‍ഷ്യാളുമായി സേവനം ചെയ്തിരുന്ന കാലത്തായിരുന്നു താന്‍ ഉത്കണ്ഠാരോഗത്തിന് അടിമയായിരുന്നതെന്നും പാപ്പ തുറന്നുപറഞ്ഞു. ഇന്നലെ പുറത്തിറങ്ങിയ അര്‍ജന്റീനയിലെ ഒരു ദിനപ്പത്രത്തിന് നല്കിയ അഭിമുഖത്തിലാണ് പാപ്പ ഇക്കാര്യം വ്യക്തമാക്കിയത്.

ഫെബ്രുവരി 16 ന് വത്തിക്കാന്‍ അപ്പസ്‌തോലിക് പാലസില്‍ വച്ചായിരുന്നു പത്രപ്രതിനിധിയുമായി അഭിമുഖം നടന്നത്. തന്റെ മാനസികവും ശാരീരികവുമായ ആരോഗ്യത്തെക്കുറിച്ച് പറയുമ്പോഴായിരുന്നു ഈ വെളിപെടുത്തല്‍. സേച്ഛാധിപത്യത്തിന്റെ കാലമായിരുന്നു അത്. ആളുകളുടെ ജീവന്‍ രക്ഷിക്കാന്‍ എനിക്കേറെ ബുദ്ധിമുട്ടുകള്‍ നേരിടേണ്ടിവന്നു. ചില സാഹചര്യങ്ങളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് എനിക്കറിയില്ലായിരുന്നു. വല്ലാത്ത ഉത്കണ്ഠ കീഴടക്കിയ സമയമായിരുന്നു. അപ്പോഴാണ് ഉത്കണ്ഠയെ കീഴടക്കാനായി സൈക്യാട്രിസ്റ്റിന്റെ സഹായം തേടിയത്.

എന്റെ ഉത്കണ്ഠകളെ കീഴടക്കാനും കൈകാര്യം ചെയ്യാനും ആ ചികിത്സ ഏറെ പ്രയോജനം ചെയ്തു. ഇന്നും ആ ചികിത്സയുടെ ഫലം എനിക്കു ഗുണം ചെയ്യുന്നുണ്ട്. വൈദികര്‍ക്ക് ഇടവകഭരണത്തില്‍ സൈക്കോളജിയെക്കുറിച്ചുള്ള പഠനം ഏറെ പ്രയോജനം ചെയ്യുമെന്ന് താന്‍ വിശ്വസിക്കുന്നതായും പാപ്പ പറഞ്ഞു.