നൈജീരിയ; തട്ടിക്കൊണ്ടുപോയ സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ സുരക്ഷിതമായി തിരികെയെത്തിക്കണം: മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: നൈജീരിയായിലെ സ്‌കൂള്‍ ഡോര്‍മിറ്ററിയില്‍ നിന്ന് അക്രമികള്‍ തട്ടിക്കൊണ്ടുപോയ 317 സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളുടെ മോചനത്തിന് വേണ്ടി പ്രാര്‍ത്ഥിച്ചും അവരെ വിട്ടയ്ക്കണമെന്ന് അഭ്യര്‍ത്ഥിച്ചും ഫ്രാന്‍സിസ് മാര്‍പാപ്പ. ഞായറാഴ്ചയിലെ ത്രികാലജപ പ്രാര്‍ത്ഥനയില്‍ പാപ്പ പെണ്‍കുട്ടികള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്തു. അവരുടെ കുടുംബാംഗങ്ങളുടെ അരികില്‍ ഞാനുണ്ട്. ഓരോ വിശ്വാസിയും പെണ്‍കുട്ടികളുടെ സുരക്ഷിതമായ മടങ്ങിവരവിന് വേണ്ടി പ്രാര്‍ത്ഥിക്കണം. പാപ്പ പറഞ്ഞു.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് ആയുധധാരികളായ ഭീകരര്‍ പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയത്. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ടെങ്കിലും എങ്ങും എത്തിയിട്ടില്ല.

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി തട്ടിക്കൊണ്ടുപോകലുകള്‍ക്ക് സാക്ഷ്യം വഹിക്കുന്ന രാജ്യമാണ് നൈജീരിയ. 2014 ഏപ്രിലില്‍ ബോക്കോഹാരം ചിബോക്കിലെ സെക്കന്റി സ്‌കൂളില്‍ നിന്ന് 276 പെണ്‍കുട്ടികളെയാണ് തട്ടിക്കൊണ്ടുപോയത്. നൂറു പെണ്‍കുട്ടികളെ ഇനിയും കണ്ടെത്താനായിട്ടില്ല. ഫെബ്രുവരിയില്‍ തന്നെ നടന്ന മറ്റൊരു തട്ടിക്കൊണ്ടുപോകലില്‍ ഒരു കുട്ടി കൊല്ലപ്പെട്ടിരുന്നു.

പെണ്‍കുട്ടികളെ സുരക്ഷിതരായി എത്തിക്കാനുള്ള എല്ലാ ശ്രമങ്ങളും നടന്നുകൊണ്ടിരിക്കുകയാണെന്ന് നൈജീരിയന്‍ പ്രസിഡന്റ് മുഹമ്മദ് ബുഹാരി പറയുന്നു.