സ്‌നേഹത്താല്‍ പ്രചോദിതരായി നല്ല പ്രവൃത്തികളിലൂടെ ദൈവത്തെ കണ്ടുമുട്ടാന്‍ തയ്യാറെടുപ്പുകള്‍ നടത്തുക: ഫ്രാന്‍സിസ് മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: സ്‌നേഹത്താല്‍ പ്രചോദിതരായി നല്ല പ്രവൃത്തികളിലൂടെ ദൈവവുമായി കണ്ടുമുട്ടാന്‍ തയ്യാറെടുപ്പുകള്‍ നടത്തണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ജീവിതാന്ത്യത്തില്‍ ഒരുവന്‍ ദൈവവുമായി നിര്‍ബന്ധമായും ഒരു അപ്പോയന്‍മെന്റ് നടത്തേണ്ടതുണ്ടെന്ന കാര്യം മറക്കരുതെന്നും പാപ്പ ഓര്‍മ്മിപ്പിച്ചു. ദൈവവുമായി നാം ഒരു അഭിമുഖം നടത്തേണ്ടത് അത്യാവശ്യമാണെങ്കില്‍ നാം നിര്‍ബന്ധമായും അവിടുത്തോട് സഹകരിക്കണം. നല്ല പ്രവൃത്തികള്‍ ചെയ്യണം. അവിടുത്തെ സ്‌നേഹത്താല്‍ പ്രചോദിതരാകണം. വിവേകിയും ജ്ഞാനിയുമാകണം. അതിന് ജീവിതാന്ത്യം വരെ കാത്തിരിക്കേണ്ടതില്ല. ഇപ്പോള്‍തന്നെ അതിന് തുടക്കംകുറിക്കണം. സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിലെ തീര്‍ത്ഥാടകരെ അഭിവാദ്യം ചെയ്തുകൊണ്ട് പാപ്പ പറഞ്ഞു.

വിശുദ്ധ മത്തായിയുടെ സുവിശേഷം ഇരുപത്തിയഞ്ചാം അധ്യായം ആസ്പദമാക്കിയുള്ള വചനസന്ദേശമാണ് പാപ്പ നല്കിയത്. പത്തുകന്യകമാരുടെ ഈ ഉപമയിലൂടെ ക്രിസ്തു വ്യക്തമായും നമ്മോട് പറയുന്നത് അവിടുത്തെ വരവിന് വേണ്ടി നാം ഒരുങ്ങിയിരിക്കണം എന്നാണ്. ദൈവവുമായി നാം അന്തിമവരവില്‍ മാത്രമല്ല കണ്ടുമുട്ടേണ്ടത് അനുദിന ജീവിതത്തിലെ ചെറുതും വലുതുമായ ഓരോ സംഭവങ്ങളിലൂടെ നാം അതിന് തയ്യാറെടുപ്പുകള്‍ നടത്തേണ്ടിയിരിക്കുന്നു. വിശ്വാസദീപം മാത്രം കൈയിലുണ്ടായാല്‍ പോരാ അതില്‍ എണ്ണയുമുണ്ടായിരിക്കണം. സല്‍പ്രവൃത്തികളുടെയും ഉപവിയുടെയും എണ്ണയാണ് ഉണ്ടായിരിക്കേണ്ടത്. വിശ്വാസം നമ്മെ ക്രിസ്തുവുമായി ഒന്നിപ്പിക്കുന്നുവെന്ന പൗലോസ് അപ്പസ്‌തോലന്റെ വാക്കുകളും പാപ്പ ഉദ്ധരിച്ചു. സ്‌നേഹത്തിലൂടെയാണ് വിശ്വാസം പ്രവര്‍ത്തനനിരതമാകുന്നതും. പാപ്പ പറഞ്ഞു.