വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പ അടുത്തവര്‍ഷം കസാക്ക്സ്ഥാന്‍ സന്ദര്‍ശിച്ചേക്കുമെന്ന് സൂചന നല്കി അംബാസിഡര്‍ അലിബെക്ക്. കോവിഡ് സാഹചര്യങ്ങള്‍ നിയന്ത്രണവിധേയമാണെങ്കില്‍ പാപ്പ തീര്‍ച്ചയായും കസാക്ക്സ്ഥാനിലെത്തിയേക്കുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നത് എന്ന് ഇഡബ്യൂടിഎന്‍ നല്കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് ഓഫ് ലീഡേഴ്സ് ഓഫ് വേള്‍ഡ് ആന്റ് ട്രെഡീഷനല്‍ റിലീജിയന്‍സിന്റെ ഏഴാം സമ്മേളനത്തില്‍ പങ്കെടുക്കാനാണ് പാപ്പ വരുന്നത്. ജൂണിലാണ് പ്രോഗ്രാം തീരുമാനിച്ചിരിക്കുന്നത്.
ഇരുപതു വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമായാണ് ഒരു മാര്‍പാപ്പ കസാക്ക്സ്ഥാനിലെത്തുന്നത് എന്ന പ്രത്യേകതകൂടിയുണ്ട്. 2001 ല്‍ ജോണ്‍ പോള്‍ രണ്ടാമന് പാപ്പയാണ് ഇവിടം ആദ്യമായി സന്ദര്‍ശിച്ചത്. 81 കാരനും പാര്ക്കിന്സണ് രോഗിയുമായ ജോണ്‍പോള്‍ നാലു ദിവസമാണ് കസാക്ക്സ്ഥാനില്‍ തങ്ങിയത്. സെപ്തംബര്‍ 11 ലെ ഭീകരാക്രമണത്തിന് തൊട്ടുപിന്നാലെയായിരുന്നു അത്.
കസാക്ക്സ്ഥാനില്‍ ക്രൈസ്തവര്‍ ന്യൂനപക്ഷമാണ്. 18.28 മില്യനുള്ള രാജ്യത്ത് അഞ്ച് കത്തോലിക്കാ രൂപതകളാണ് ഉള്ളത്. 2008 ലെ കണക്ക് അനുസരിച്ച് 250,000 വിശ്വാസികളാണ് ഇവിടെയുള്ളത്.