വത്തിക്കാന്‍സിറ്റി: കുമ്പസാരിക്കുകയെന്നാല്‍ സ്‌നേഹത്താല്‍ രൂപാന്തരപ്പെടുകയാണെന്നും നല്ല കുമ്പസാരത്തിന്റെ ആദ്യ ചുവടുവയ്പ് വിശ്വാസത്തിന്റെ പ്രവൃത്തിയാണെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ. അപ്പസ്‌തോലിക് പെനിട്ടെന്‍ഷ്യറി സംഘടിപ്പിച്ച പരിശീലന പരിപാടിയില്‍ സംബന്ധിച്ചവരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പാപ്പ.
സ്‌നേഹത്തിന് പൂര്‍ണ്ണമായി സമര്‍പ്പിക്കല്‍, സ്‌നേഹത്താല്‍ രൂപാന്തരപ്പെടുന്നതിന് അനുവദിക്കല്‍, സ്‌നേഹത്തോട് പ്രത്യുത്തരിക്കല്‍ എന്നിവയാണ് കുമ്പസാരമെന്ന കൂദാശയുടെ പൊരുള്‍ എന്നും പാപ്പ പറഞ്ഞു. ശിലാഹൃദയം മാംസളഹൃദയമായി ഇവിടെരൂപാന്തരപ്പെടുന്നു. മാറ്റത്തിന്റേതായ അത്ഭുതം നല്ല കുമ്പസാരക്കാരന്‍ തിരിച്ചറിയുന്നുണ്ട്. വൈദികനിലൂടെ ദൈവം ക്ഷമയും സമാധാനവും നല്കുകയും കുമ്പസാരിക്കുന്ന വ്യക്തി ദൈവവുമായി അനുരഞ്ജനപ്പെടുകയും ചെയ്യുന്നു. തന്റെ പൊന്തിഫിക്കേറ്റില്‍ തുടര്‍ച്ചയായി കുമ്പസാരത്തിന്റെ പ്രാധാന്യം എടുത്തുപറയുകയും കുമ്പസാരത്തിന് പ്രേരിപ്പിക്കുകയും ചെയ്യുന്ന പാപ്പായാണ് ഫ്രാന്‍സിസ്.
മാര്‍ച്ച് മാസത്തെ പാപ്പായുടെ പ്രത്യേക പ്രാര്‍ത്ഥനാവിഷയവും അനുരഞ്ജനത്തിന്റെ കൂദാശയെ അനുഭവിച്ചറിയുന്നതിന് വേണ്ടിയുള്ളതാണ്.