ബാഗ്ദാദ്: ഇറാക്കിലെ ക്രൈസ്തവരുടെ ഭാവിയില്‍ പ്രതീക്ഷാനിര്‍ഭരമായ മാറ്റങ്ങള്‍ വരുത്തിയേക്കാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സന്ദര്‍ശനം സഹായിച്ചേക്കുമെന്ന് ഇറാക്കി ആര്‍ച്ച് ബിഷപ് ബാഷ്ഹര്‍ വാര്‍ദ. രാജ്യത്തെ ന്യൂനപക്ഷമായ ഇറാക്കിലെ ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം ഇതൊരു നിര്‍ണ്ണായക വഴിത്തിരിവായേക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇസ്ലാമിക തീവ്രവാദികളുടെ അധിനിവേശത്തെ തുടര്‍ന്ന് 2014 മുതല്‍ ഇറാക്കിലെ ക്രൈസ്തവരുടെ എണ്ണത്തില്‍ ഗണ്യമായ കുറവാണ് സംഭവിച്ചിരിക്കുന്നത്.
102,000 ല്‍ നിന്ന് ഇപ്പോള്‍ ക്രൈസ്തവരുടെ എണ്ണം 36,000 ആയിരിക്കുകയാണ്. പലായനം ചെയ്ത ക്രൈസ്തവരില്‍ ചിലരെങ്കിലും നിനവെ പ്ലെയിനിലേക്ക് മടങ്ങിവന്നുകൊണ്ടിരിക്കുകയാണ്. സാമ്പത്തികമായ അസ്ഥിരതയും സുരക്ഷാപരമായ വെല്ലുവിളികളുമാണ് ഇറാക്ക് ഇപ്പോള്‍ നേരിട്ടുകൊണ്ടിരിക്കുന്നത്. കോവിഡ് 19 പകര്‍ച്ചവ്യാധികളെ തുടര്‍ന്ന് ഓയില്‍ വിലയിലും ഗണ്യമായ കുറവാണ് അനുഭവപ്പെടുന്നത്. ഇതും രാജ്യത്തിന്റെ സാമ്പത്തികപുരോഗതിയെ ദുര്‍ബലപ്പെടുത്തിയിരിക്കുകയാണ്.
മാര്‍ച്ച് നാലു മുതല്‍ നാലു ദിവസത്തേക്കാണ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഇറാക്ക് സന്ദര്‍ശനം. ആദ്യമായിട്ടാണ് ഒരു പാപ്പ ഇറാക്ക് സന്ദര്‍ശിക്കുന്നത്.