ദിവംഗതരായ കര്‍ദിനാളുമാര്‍ക്കും മെത്രാന്മാര്‍ക്കും വേണ്ടി മാര്‍പാപ്പയുടെ അനുസ്മരണ ബലി

വത്തിക്കാന്‍ സിറ്റി: കഴിഞ്ഞ ഒരു വര്‍ഷം മരണമടഞ്ഞ കത്തോലിക്കാസഭയിലെ കര്‍ദിനാളുമാരുടെയും മെത്രാന്മാരുടെയും ആത്മാക്കള്‍ക്കുവേണ്ടി ഫ്രാന്‍സിസ് മാര്‍പാപ്പ ദിവ്യബലി അര്‍പ്പിച്ചു പ്രാര്‍ത്ഥിച്ചു. 2019 ഒക്ടോബര്‍ മുതല്‍ 2020 ഒക്ടോബര്‍ വരെ ആറു കര്‍ദിനാള്‍മാരും 163 മെത്രാന്മാരുമാണ് സ്വര്‍ഗ്ഗപ്രാപ്തരായത്. ഇതില്‍ 13 മെത്രാന്മാര്‍ കോവിഡ് 19 ബാധിച്ചാണ് മരണമടഞ്ഞത്.

നമ്മളില്‍ നിന്ന് വേര്‍പിരിഞ്ഞ പ്രിയപ്പെട്ടവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നുവെന്നും അവര്‍ ഇപ്പോള്‍ ദൈവത്തില്‍ ജീവിക്കുന്നുവെന്നും പാപ്പ പറഞ്ഞു. അവര്‍ നമ്മെ ജീവിതത്തിന്റെ യഥാര്‍ത്ഥ ദര്‍ശനം പഠിപ്പിച്ചു. ദൈവരാജ്യത്തിലേക്ക് പ്രവേശിക്കാന്‍ സഹനങ്ങള്‍ക്കുള്ള അര്‍ത്ഥം എന്താണെന്ന് വെളിപെടുത്തി.

യഥാര്‍ത്ഥ സ്വാതന്ത്ര്യത്തിലേക്ക് അവര്‍ നമ്മുടെ ഹൃദയങ്ങള്‍ തുറന്നു. മരിച്ചവരോടുള്ള പ്രാര്ത്ഥന കത്തോലിക്കാവിശ്വാസത്തിന്റെ ഭാഗമാണ്. നവംബര്‍ രണ്ടിന് നല്കിവന്നിരുന്ന പൂര്‍ണ്ണദണ്ഡവിമോചനം കോവിഡിന്റെ പ്രത്യേക സാഹചര്യത്തില്‍ ഈ മാസം മുഴുവനും നല്കാനും വത്തിക്കാന്‍ ഉത്തരവിറക്കിയിരുന്നു.