വത്തിക്കാന്‍സിറ്റി: ജീവിതത്തിലെ വളരെ ബുദ്ധിമുട്ടേറിയ നിമിഷങ്ങളില്‍ മുങ്ങിപ്പോയേക്കുമോയെന്ന ഭയം ഉണ്ടാകുമ്പോള്‍, ചുറ്റിനും ഇരുട്ട് മാത്രമാകുമ്പോള്‍ പത്രോസിനെ പോലെ കര്‍ത്താവേ രക്ഷിക്കണമേയെന്ന് ഉറക്കെ കരയാന്‍ ലജ്ജിക്കരുതെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. അത് ജീവിതത്തിലെ മനോഹരമായ ഒരു പ്രാര്‍ത്ഥനയാണ്. പിതാവായ ദൈവത്തിന്റെ കരം ഒരിക്കലും നമ്മെ തള്ളിക്കളയുകയില്ല.
ശക്തിയുളളതും വിശ്വസ്തവുമായ കരമാണ് ദൈവത്തിന്റേത്. അവിടുത്തേക്ക് നമ്മുടെ നന്മ മാത്രമാണ് ആവശ്യം. അതുമാത്രമാണ് ദൈവം ആഗ്രഹിക്കുന്നത്. ജീവിതത്തിലെ എല്ലാ നിമിഷങ്ങളിലും നാം ദൈവത്തിന്റെ സഹായം തേടാന്‍ മറക്കരുത്. ജീവിതത്തിലെ പ്രയാസമേറിയ നിമിഷങ്ങളില്‍ ദൈവത്തിലേക്ക് തിരിയാന്‍ മറക്കരുത്. ഇരുട്ടില്‍ വഴികാണാതെ ഉഴലുമ്പോള്‍ നാം കര്‍ത്താവേ എന്ന് ഉറക്കെ നിലവിളിച്ചു കരയുമ്പോള്‍ അവിടുന്ന് നമ്മോട് പറയും, ഇതാ ഞാന്‍ ഇവിടെയുണ്ട്. ദൈവം എപ്പോഴും നമ്മുടെ കൂടെയുണ്ട് എന്നും പാപ്പ ഓര്‍മ്മിപ്പിച്ചു.