ഹൃദയത്തില്‍ നിന്ന് പ്രാര്‍ത്ഥിക്കുക: ഫ്രാന്‍സിസ് മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: ക്രൈസ്തവര്‍ ഹൃദയത്തില്‍ നിന്നാണ് പ്രാര്‍ത്ഥിക്കേണ്ടതെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. പ്രാര്‍ത്ഥനയെ ഒരിക്കലും തത്ത പറയുന്നതുപോലെയാക്കി മാറ്റരുത്. പ്രാര്‍ത്ഥന ജീവിതത്തിന്റെ കേന്ദ്രഭാഗമാകണം. ദൈവത്തിനും മനുഷ്യനും വേണ്ടി ചെയ്യാന്‍ കഴിയുന്ന ഏറ്റവും മോശമായ പ്രവര്‍ത്തനം എന്നും ഒരുപോലെ പ്രാര്‍ത്ഥിക്കുന്നതാണ്. തത്തമ്മയെപോലെ പ്രാര്‍ത്ഥനകള്‍ ഉരുവിടുന്നതാണ്. അതുപാടില്ല. ഹൃദയം കൊണ്ടാണ് നാം പ്രാര്‍ത്ഥിക്കേണ്ടത്.

പ്രാര്‍ത്ഥന ഉണ്ടെങ്കില്‍ സഹോദരനും സഹോദരിയുമെല്ലാം പ്രാധാന്യമര്‍ഹിക്കുന്നവരാകും. ഉത്കണ്ഠകളെ ഇല്ലാതാക്കുന്ന ഔഷധമല്ല പ്രാര്‍ത്ഥന. മറിച്ച് പ്രാര്‍ത്ഥന ഉത്തരവാദിത്തമാണ്. സ്വര്‍ഗ്ഗസ്ഥനായ പിതാവേ എന്ന പ്രാര്‍ത്ഥനയില്‍ നാം അത് വ്യക്തമായി കാണുന്നുണ്ട്. മറ്റുള്ളവരുടെ പ്രശംസ പിടിച്ചുപറ്റാനുള്ള പ്രാര്‍ത്ഥനകള്‍ വ്യാജമാണ്. കത്തോലിക്കാവിശ്വാസികളാണെന്ന് മേനി നടിക്കാന്‍ വേണ്ടി പ്രാര്‍ത്ഥിക്കുകയും കുര്‍ബാനയ്ക്ക് പോകുകയും ചെയ്യുന്നവരുണ്ട്. ഇതേക്കുറിച്ച് ക്രിസ്തു താക്കീത് നല്കുന്നുണ്ടെന്നും പാപ്പ ഓര്‍മ്മിപ്പിച്ചു.

പൊതുദര്‍ശന വേളയില്‍ സന്ദേശം നല്കുകയായിരുന്നു പാപ്പ. സങ്കീര്‍ത്തനത്തെ അവലംബമാക്കിയുള്ള പ്രബോധനപരമ്പരയാണ് പാപ്പ ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നത്.