ഇത് ജപമാലയുടെ സൗന്ദര്യം വീണ്ടും കണ്ടെത്താനുള്ള അവസരം: മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: ഈ മാസത്തില്‍ എല്ലാ കത്തോലിക്കരെയും ജപമാലയുടെ സൗന്ദര്യം വീണ്ടും കണ്ടെത്താന്‍ ക്ഷണിച്ചുകൊണ്ട് മാര്‍പാപ്പ. ഓരോ കത്തോലിക്കനും പോക്കറ്റില്‍ ജപമാലസൂക്ഷിക്കണമെന്നും പാപ്പ ഓര്‍മ്മിപ്പിച്ചു. ജപമാല രാജ്ഞിയുടെ തിരുനാള്‍ദിനമായ ഇന്നലെ സന്ദേശം നല്കുകയായിരുന്നു പാപ്പ.
ജപമാല രാജ്ഞിയുടെ തിരുനാള്‍ ദിനത്തില്‍ ഞാന്‍ ഓരോരുത്തരെയും ജപമാലയുടെ സൗന്ദര്യം വീണ്ടും കണ്ടെത്താന്‍ ക്ഷണിച്ചുകൊള്ളുന്നു. നൂറ്റാണ്ടുകളായി ക്രൈസ്തവരുടെ വിശ്വാസത്തെ പരിപോഷിപ്പിച്ചുകൊണ്ടിരുന്ന പ്രാര്‍ത്ഥനയാണ് ഇത്.

പോള്‍ ആറാമന്‍ ഹാളിലെ പൊതുദര്‍ശന വേളയില്‍ പാപ്പ പറഞ്ഞു. പകര്‍ച്ചവ്യാധിയുടെ ഇക്കാലത്ത് ജപമാല കൈയിലുള്ളത് ഏറ്റവും അത്യാവശ്യമായിരിക്കുകയാണ്. നമുക്കുവേണ്ടി, നാം സ്‌നേഹിക്കുന്നവര്‍ക്കുവേണ്ടി, എല്ലാവര്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കാന്‍… തന്റെ പ്രത്യക്ഷീകരണങ്ങളില്‍ എല്ലാം ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കാനാണ് മാതാവ് ആവശ്യപ്പെട്ടിരുന്നത് എന്ന കാര്യവുംപാപ്പ കൂട്ടിച്ചേര്‍ത്തു. പ്രാര്‍ത്ഥനയെന്നത് നമ്മെ വഹിക്കാന്‍ ദൈവത്തെ അനുവദിക്കുകയാണ്. പ്രത്യേകിച്ച് സഹനങ്ങളുടെയും പ്രലോഭനങ്ങളുടെയും നിമിഷങ്ങളില്‍. ചില സായാഹ്നങ്ങളില്‍ നാം ഉപയോഗശൂന്യരും ഏകാകികളുമായി അനുഭവപ്പെടാറുണ്ട്. അപ്പോഴാണ് ജപമാല പ്രാര്‍ത്ഥന നമ്മുടെ ഹൃദയങ്ങളുടെ വാതിലുകളില്‍ വന്നു മുട്ടുന്നത്.

വളരെ അസ്വസ്ഥകരമായ നിമിഷങ്ങളില്‍ നാം പ്രാര്‍ത്ഥനയുമായി ദൈവത്തിന്റെ മുമ്പിലെത്തുമ്പോള്‍ ശാന്തതയും സമാധാനവും നമ്മുടെ ഉള്ളിലേക്ക് ഒരു അത്ഭുതം പോലെ മടങ്ങിയെത്താറുമുണ്ട്. പാപ്പ പറഞ്ഞു.