സെപ്തംബര്‍ ഒന്നുമുതല്‍ ഒക്ടോബര്‍ നാലുവരെയുള്ള ദഒരു മാസക്കാലത്തേക്ക് സൃഷ്ടിയുടെകാലമായി തിരുസഭ ആചരിക്കുകയാണ്. ഈ ദിനങ്ങളില്‍ പാരിസ്ഥിതിക പ്രവൃത്തികള്‍ക്കും സാഹോദര്യപ്രവൃത്തികള്ക്കും വേണ്ടി പ്രാര്‍ത്ഥിക്കാനായി പാപ്പ രചിച്ച പ്രാര്‍ത്ഥന കഴിഞ്ഞ ദിവസം വത്തിക്കാന്‍ പ്രസിദ്ധപ്പെടുത്തുകയുണ്ടായി. ആ പ്രാര്‍ത്ഥന ചുവടെ ചേര്‍ക്കുന്നു:
ആകാശവും ഭൂമിയും അതിലെ സകലതിനെയും സൃഷ്ടിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന സ്നേഹമുള്ള ദൈവമേ അങ്ങേ ദാനമായ ഈ ഭൂമിയുടെ ഭാഗമാണ് ഞങ്ങളും എന്ന ചിന്തയില്‍ ജീവിക്കുവാന്‍ ഞങ്ങളുടെ മനസ്സ് തുറക്കുകയും ഹൃദയങ്ങളെ സ്പര്‍ശിക്കുകയും ചെയ്യണമേ. ക്ലേശപൂര്‍ണ്ണമായ ഈ സമയത്ത് ഞങ്ങളുടെ സഹോദരങ്ങള്‍ക്ക് തുണയായി ജീവിക്കുവാന്‍ പ്രത്യേകിച്ച് ദരിദ്രരും വ്രണിതാക്കളുമായവരെ സഹായിച്ചു ജീവിക്കുവാന്‍ ഞങ്ങളെ പ്രാപ്തരാക്കണമേ. ലോകവ്യാപകമായ ഒരു മഹാമാരിയുടെ പ്രത്യാഘാതങ്ങളെ ക്രിയാത്മകമായി നേരിടുവാനും ക്ലേശിക്കുന്നവരുമായി ഐകദാര്‍ഢ്യം പ്രകടമാക്കുവാനുളള കരുത്തും കഴിവും അങ്ങ് ഞങ്ങള്‍ക്ക് നല്കണമേ. കാലികമായ ചുറ്റുപാടുകളില്‍ പൊതുനന്മയ്ക്കായി നിലകൊള്ളുവാനുംഅതിനാവശ്യമായ മാറ്റങ്ങള്‍ ആശ്ലേഷിച്ചു ജീവിക്കാനുമുള്ള അവബോധം ഞങ്ങള്‍ക്ക് നല്കണമേ.
ആശ്ലേഷിച്ചു ജീവിക്കുവാനുമുള്ള അവബോധം ഞങ്ങള്‍ക്ക് നല്കണമേ. സമൂഹത്തില്‍ ഞങ്ങള്‍ പൂര്‍വ്വോപരി പരസ്പരാശ്രിതരും പരസ്പരബന്ധമുള്ളവരുമാണെന്ന് കൂടുതല്‍ മനസ്സിലാക്കട്ടെ. അങ്ങനെ ഭൂമിയുടെയും ഒപ്പം പാവങ്ങളും എളിയവരുമായ ഞങ്ങളുടെ സഹോദരങ്ങളുടെയും കരച്ചില് കേള്‍ക്കുവാനും അതിനോട് പ്രതികരിക്കുവാനും ഞങ്ങളെ പ്രാപ്തരാക്കണമേ.
ഇന്ന് ലോകത്ത് ഞങ്ങള്‍ അനുഭവിക്കുന്ന യാതനകളും ക്ലേശങ്ങളും കൂടുതല്‍ സാഹോദര്യവും സുസ്ഥിതിയുമുള്ള ഒരു ഭൂമിയുടെ പുനര്‍ജനിക്കായുള്ള നൊമ്പരമായി മനസ്സിലാക്കുവാനും അംഗീകരിക്കുവാനും അങ്ങ് ഞങ്ങളെ പ്രാപ്തരാക്കണമേ. ഈ പ്രാര്‍ത്ഥന പരിശുദ്ധ കന്യകാനാഥയുടെ മാധ്യസ്ഥത്താല്‍ ഞങ്ങളുടെ കര്‍ത്താവും രക്ഷകനുമായ ക്രിസ്തുനാഥന് ഞങ്ങള്‍ സമര്‍പ്പിക്കുന്നു. ആമ്മേന്‍
( പരിഭാഷയ്ക്ക് കടപ്പാട്: വത്തിക്കാന്‍ ന്യൂസ്)