ഹൃദയത്തിലെ ഇരുള്‍ അകറ്റും പ്രത്യാശയുടെ ഈ വിശുദ്ധ മൊഴികള്‍

പോസിറ്റീവായ വാക്കുകള്‍ സംസാരിക്കുന്നതിനെക്കാള്‍ നെഗറ്റീവായ വാക്കുകള്‍ പറയുന്നവരാണ് കൂടുതലും. ടെന്‍ഷന്‍, ഒരു ഉറപ്പുമില്ല, ഭയങ്കരബുദ്ധിമുട്ട് ഇങ്ങനെയൊക്കെയാണ് നാം പൊതുവെ വാക്കുകള്‍ ഉപയോഗിക്കുന്നത്. ഉള്ളില്‍ ദൈവികമായ വിശ്വാസം ഇല്ലാത്തതുംപ്രത്യാശ നഷ്ടപ്പെട്ടതുമാണ് ഇപ്രകാരം വാക്കുകള്‍ പ്രയോഗിക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്നത്. സത്യത്തില്‍ ജീവിതത്തെ സംബന്ധിക്കുന്ന ഏതുതരം ഉത്കണ്ഠകളും നാം ദൈവത്തിലാണ് അര്‍പ്പിക്കേണ്ടത്. അവിടുത്തെ കൈകളിലേക്കാണ് അവ വച്ചുകൊടുക്കേണ്ടത്. അപ്പോള്‍ മാത്രമേ നാം അതില്‍ നിന്ന് മോചിതരാവുകയുള്ളൂ. വിശുദ്ധരായ വിശുദ്ധരെല്ലാം ജീവിതത്തെ സമീപിച്ചത് സരളമായിട്ടായിരുന്നു.പക്്‌ഷേ ജീവിതം ദുഷ്‌ക്കരമായിരുന്നു അവര്‍ക്കെല്ലാം. എന്നാല്‍ ഏത് കഠിനയാഥാര്‍ത്ഥ്യത്തിലും അവര്‍ ദൈവത്തിന്റെ കരം കണ്ടു. ദൈവത്തിന്റെകരങ്ങളിലേക്ക് അവയെല്ലാം സമര്‍പ്പിച്ചുകൊടുത്തു. അതോടെ അവര്‍ സ്വസ്ഥരായി. ഇതാ തങ്ങള്‍ അതിജീവിച്ച നിരാശയെയും തങ്ങള്‍ കാത്തിരുന്ന പ്രത്യാശയെയും കുറിച്ച് വിശുദ്ധര്‍ പറയുന്ന വാക്കുകള്‍:

ഭാവിയെ സംബന്ധിച്ചുള്ള എല്ലാവിധ ആകുലതകളും ദൈവത്തിന്റെ കൈകളിലേക്ക് വച്ചുകൊടുക്കുക. ഒരു കൊച്ചുകുഞ്ഞിനെ കൈപിടിച്ചുനയിക്കുന്നതുപോലെ ദൈവം നിങ്ങളെ കൊണ്ടുപോകുന്നതായി നിങ്ങള്‍ക്ക് അപ്പോള്‍ അനുഭവപ്പെടും.- വിശുദ്ധ തെരേസ ബെനഡിക്ട ഓഫ് ദ ക്രോസ്.

ആത്മാവിനെ ബാധിക്കുന്ന വലിയൊരു തിന്മയാണ് ഉത്കണഠ. ദൈവം നിങ്ങളോട് പറയുന്നത് പ്രാര്‍ത്ഥിക്കാനാണ്. അവിടുന്ന് നിങ്ങളുടെ ഉത്കണ്ഠകള്‍ ഏറ്റെടുത്തുകൊള്ളും. – വിശുദ്ധ ഫ്രാന്‍സിസ് ദ സാലെസ്

ഉത്കണ്ഠകള്‍ക്കും വിഷമതകള്‍ക്കുമായി നിങ്ങളുടെ ഊര്‍ജം പാഴാക്കരുത്. ഒരു കാര്യമാണ് നമുക്ക് അത്യാവശ്യം. ദൈവസ്‌നേഹത്തിലേക്കും ചിന്തകളിലേക്കും മനസ്സിനെ ഉയര്‍ത്തുക.

  • വിശുദ്ധ പാദ്രെപിയോ
  • ഭാവിയെക്കുറിച്ചോര്‍ത്തുള്ള ഉത്കണ്ഠകള്‍ ഒഴിവാക്കിയേക്കൂ. എല്ലാം ദൈവത്തിന്റെ കൈകളിലേക്ക് വച്ചുകൊടുക്കൂ
    വിശുദ്ധ ജോണ്‍ ബാപ്റ്റിസ്റ്റ് ദെ ലെ സാലെ

ദൈവത്തിനല്ലാതെ മറ്റാര്‍ക്കാണ് നിങ്ങള്‍ക്ക് സമാധാനം തരാന്‍ കഴിവുള്ളത്?
വിശുദ്ധ ജെരാര്‍ദ് മജ്ജെല്ല

ജീവിതത്തിലെ സന്തോഷത്തിന്റെ രഹസ്യമെന്നത് ഈ നിമിഷം ജീവിക്കുകയും ദൈവത്തിന് നന്ദിപറയുകയും ചെയ്യുക എന്നതാണ്. തന്റെ നന്മകൊണ്ട് ദൈവം നമ്മെ നയിച്ചുകൊള്ളൂം.- വിശുദ്ധ ജിയന്ന