കോവിഡാനന്തരം ദേവാലയങ്ങളില്‍ എത്തുന്നവരുടെ എണ്ണം കുറയുന്നു!

കോവിഡാനന്തരം ദേവാലയങ്ങളില്‍ എത്തുന്നവരുടെ എണ്ണം കുറയുന്നുവെന്നത് ആഗോളപ്രതിഭാസമായി മാറിക്കഴിഞ്ഞിരിക്കുന്നു. ദേവാലയങ്ങള്‍ തുറക്കണമെന്നും വിശുദ്ധ കുര്‍ബാനകള്‍ പുനരാരംഭിക്കണമെന്നും വിശ്വാസികളുടെ തലത്തിലും അധികാരികളുടെ തലത്തിലും ആവശ്യങ്ങള്‍ വിവിധ രാജ്യങ്ങളില്‍ നിന്ന് ഉയര്‍ന്നിട്ടുണ്ട്, ഇക്കാലത്ത്. ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളില്‍ അളവ് വരുത്തി ദേവാലയങ്ങള്‍ തുറക്കാനും വിശുദ്ധ കര്‍മ്മങ്ങള്‍ ആരംഭിക്കാനും അനുവാദം നല്കിയെങ്കിലും ദേവാലയങ്ങളിലേക്ക് വരുന്ന വിശ്വാസികളുടെ എണ്ണത്തില്‍ വന്‍തോതിലുളള കുറവാണ് അനുഭവപ്പെടുന്നത്.

ഇതിന് ഉദാഹരണമാണ് ആംസ്റ്റര്‍ഡാമിലും മറ്റുമുള്ളദേവാലയങ്ങളില്‍ അര്‍പ്പിക്കപ്പെടുന്ന തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുക്കാനെത്തുന്നവരുടെ എണ്ണത്തില്‍ വന്നിരിക്കുന്ന കുറവ്. 25 ശതമാനം കുറവാണ് രൂപതാധികാരികള്‍ ഇക്കാര്യത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

രണ്ടുമാസമായി ദേവാലയങ്ങള്‍ പഴയരീതിയിലായിട്ടും വിശ്വാസികളുടെ എണ്ണം പഴയതുപോലെ ആയിട്ടില്ല. കോവിഡിന് മുമ്പ് സാധാരണഗതിയില്‍ ഇവിടത്തെ ദേവാലയങ്ങളില്‍ 80 മുതല്‍ 100 വരെ ആളുകളായിരുന്നു എത്താറുണ്ടായിരുന്നത്. ഇപ്പോഴത് 50 നും 60 നും ഇടയിലായിട്ടുണ്ട്. ചില ദേവാലയങ്ങലില്‍ മുപ്പത് ശതമാനം കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഓണ്‍ലൈന്‍ കുര്‍ബാനകളിലേക്ക് പലരും മടങ്ങിയിരിക്കുന്നു. വീട്ടിലിരുന്ന് കുര്‍ബാനയില്‍ പങ്കെടുക്കുന്നതുകൊണ്ട് എന്താണ് കുഴപ്പം. ആളുകളുടെ ചോദ്യം ഇത്തരത്തിലാണെന്ന് ചില വൈദികര്‍ പറയുന്നു.

ദേവാലയങ്ങള്‍ പഴയതുപോലെയാകുന്ന ഒരു സുദിനം സഭയെയും വിശുദ്ധ കര്‍മ്മങ്ങളെയും സ്‌നേഹിക്കുന്ന എല്ലാവരുടെയും സ്വപ്‌നമാണ്.