വത്തിക്കാന്‍ സിറ്റി: സുഖപ്രദമായ പ്രാര്‍ത്ഥന എന്ന ഒന്നില്ലെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. തത്തമ്മ പറയുന്നതുപോലെ യാന്ത്രികമായി പ്രാര്‍ത്ഥിക്കാന്‍ എല്ലാവര്ക്കും സാധിക്കും. പക്ഷേ അത് പ്രാര്‍ത്ഥനയല്ല. പ്രാര്‍ത്ഥന വലിയ സമാധാനം നമുക്ക് നല്കുന്നവയാണ്. എന്നാല്‍ അത് പെട്ടെന്ന് ലഭിക്കുകയില്ല. ജീവിതത്തില്‍ നീണ്ടകാലം ഉണ്ടായേക്കാവുന്നതും ചിലപ്പോള്‍ കഠിനവുമായ ആന്തരിക പോരാട്ടത്തിലൂടെയാണ് പ്രാര്‍ത്ഥിക്കാനുള്ള കഴിവ് നാം നേടിയെടുക്കുന്നത്.
പ്രാര്‍ത്ഥിക്കുക എന്നത് എളുപ്പമുള്ള കാര്യമല്ല. പ്രാര്‍ത്ഥിക്കാന്‍ ആഗ്രഹിക്കുമ്പോഴെല്ലാം അത്ര അത്യാവശ്യമല്ലാത്ത കാര്യങ്ങള്‍ നമ്മുടെ ഉള്ളിലേക്ക് ഓടിയെത്തുന്നു. അതെന്തുകൊണ്ട് സംഭവിക്കുന്നു എന്ന് ചോദിച്ചാല്‍ എനിക്കറിയില്ല. പ്രാര്‍ത്ഥന മാറ്റിവച്ചുകഴിയുമ്പോള് അക്കാര്യങ്ങളൊന്നും തന്നെ അത്യന്താപേക്ഷിതങ്ങളായിരുന്നില്ല എന്ന് നാം തിരിച്ചറിയുന്നു. പ്രാര്‍ത്ഥനയുടെ ഏറ്റവും വലിയ ശത്രു നമ്മുടെ ഉള്ളില്‍ തന്നെയാണ്.
പ്രാര്‍ത്ഥനയില്‍ പോരാടുക. എപ്പോഴും പ്രാര്‍ത്ഥന ഒരു പോരാട്ടമാണ്. മാര്‍പാപ്പ ഓര്‍മ്മിപ്പിച്ചു.