ഒരേ സമയം ആത്മാവിനെയും ശരീരത്തെയും ശുശ്രൂഷിക്കുക. രണ്ടിനും സൗഖ്യം നല്കുക. വിശേഷപ്പെട്ട ഒരു ദൗത്യമാണത്.അപൂര്‍വ്വം ചിലര്‍ക്ക് മാത്രമേ അത്തരമൊരു ദൈവവിളി ലഭിക്കുകയുള്ളൂ.റൂര്‍ക്കല രൂപതയിലെ 74 കാരനായ ഫാ. വലേറിയന്‍ ടിഗ അങ്ങനെയൊരു വിളി ലഭിച്ച ഭാഗ്യവാനാണ്.
അദ്ദേഹം ഒരേ സമയം തന്നെ സമീപിക്കുന്നവരുടെ ആത്മാവിനെയും ശരീരത്തെയും ശുശ്രൂഷിക്കുന്നു. പ്രഫഷനും മതപരവും. തന്റെ ജോലിയെ അദ്ദേഹം വിലയിരുത്തുന്നത് അങ്ങനെയാണ്. ഒഡീഷയിലെ സുന്ദര്‍ഗാര്‍ഹ് ജില്ലയിലെ കാത്തലിക് മിഷന്‍ ഹോസ്പിറ്റലിലാണ് ഫാ. വലേറിയന്‍ ജോലി ചെയ്യുന്നത്. രോഗികളായി എത്തുന്നത് ദിവസവേതനക്കാരും ദരിദ്രരും കുടിയേറ്റക്കാരും. അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ളവരും ചികിത്സ തേടിയെത്താറുണ്ട്.
റൂര്‍ക്കലയിലെ ഗൈബിറായില്‍ 1946 ലായിരുന്നു ജനനം. പൂര്‍വ്വികര്‍ സുവിശേഷവേലക്കാരായിരുന്നു. സന്ധ്യാപ്രാര്‍ത്ഥനയില്‍ ജപമാല ചൊല്ലി മിഷനറിമാര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്ന ശീലമുണ്ടായിരുന്നു കുടുംബത്തില്‍. അതുതന്നെയാവും വൈദികജീവിതത്തിലേക്കുള്ള ആദ്യ സ്വാധീനവും. വൈദികര്‍ക്കൊപ്പം കുര്‍ബാനയില്‍ ശുശ്രൂഷിയായി കഴിഞ്ഞതും നിമിത്തമായി.
പക്ഷേ വൈദികനാകുന്നതിന് പകരം ഡോക്ടറാകുന്നതിനുള്ളപരിശീലനത്തിലാണ് ഏര്‍പ്പെട്ടത്. ദരിദ്രരെ ഒരേ സമയം രണ്ടുരീതിയിലും ശുശ്രൂഷിക്കാന്‍ ഇതുവഴി കഴിയും എന്ന അമ്മാവന്റെ വാക്കുകള്‍ ഇവിടെ പ്രചോദനമായി. മെഡിക്കല്‍ പഠനം പൂര്‍ത്തിയായ സമയത്തായിരുന്നു ഫാ. ജോണ്‍മ ാളിയേക്കലുമായുള്ള കണ്ടുമുട്ടല്‍. അത് വലിയൊരു വഴിത്തിരിവായി. സെമിനാരിയിലേക്കുള്ള മോഹത്തിന് വീണ്ടും ചിറകുമുളച്ചു. ഡിവൈന്‍ വേര്‍ഡ് സന്യാസസഭാംഗമായ ബിഷപ് റാഫേല്‍ ചീനാത്തുമായുള്ള കണ്ടുമുട്ടലിന് ഫാ. ജോണ്‍ മാളിയേക്കലാണ് വഴിയൊരുക്കിയത്.
അങ്ങനെ ബിഷപ് ചീന്നാത്ത് വലേറിയനെ റാഞ്ചി സെന്റ് ആല്‍ബര്‍ട്ട് സെമിനാരിയിലേക്ക് വൈദികപരിശീലനത്തിനായി അയച്ചു. നാലുവര്‍ഷത്തെ തിയോളജി പഠനത്തിന് ശേഷം 1979 ഏപ്രില്‍ 22 ന് വൈദികനായി അഭിഷിക്തനായി. മെഡിക്കല്‍ പരിശീലനമില്ലാതെ അസിസ്റ്റന്റ് വികാരിയായിട്ടായിരുന്നു ആദ്യ നിയമനം. പിന്നീട് ബാംഗ്ലൂര്‍ സെന്റ് ജോണ്‍സ് മെഡിക്കല്‍ കോളജില്‍ അഡ്മിനിസ്‌ട്രേറ്റീവ് കോഴ്‌സിന് അയച്ചു.
എട്ടുവര്‍ഷത്തോളം ഇടവകവികാരിയായി സേവനം ചെയ്തു. ഇപ്പോള്‍ 41 വര്‍ഷമായി മെഡിക്കല്‍ സുപ്രണ്ടന്റായും റെസിഡന്റ് മെഡിക്കല്‍ ഓഫീസറായും പ്രവര്‍ത്തിക്കുന്നു. ഒരു നാണയത്തിന്റെ രണ്ടുവശങ്ങളാണ് ഡോക്ടറും വൈദികനും എന്ന് ഇദ്ദേഹം കരുതുന്നു.
തന്റെ സവിശേഷമായ ദൈവവിളിയില്‍ അദ്ദേഹം അഭിമാനിക്കുകയും സന്തോഷി്ക്കുകയും ചെയ്യുന്നു.