കുടുംബം പോറ്റാന്‍ പഠനം നിര്‍ത്തി ബേക്കറി പണിക്ക് പോയി. വൈദികനായപ്പോള്‍ ദരിദ്രര്‍ക്കായി ഇപ്പോള്‍ ബേക്കറിപലഹാരങ്ങള്‍ ഉണ്ടാക്കുന്നു

സ്‌പെയ്ന്‍ കാരനായ ഫാ. ഗീസന്‍ ജെറാര്‍ദോ മാറിന്റെ ജീവിതകഥ സംഭവബഹുലമാണ്. ദരിദ്രമായ സാഹചര്യങ്ങളില്‍ ജനിച്ചുവളര്‍ന്ന അദ്ദേഹം കുടുംബം പോറ്റാനായാണ് പതിനഞ്ചാം വയസില്‍ പഠനം നിര്‍ത്തി ബേക്കറി പണിക്ക കയറിയത് സമീപത്തുള്ള കുടുംബം നടത്തുന്ന ബേക്കറിയിലായിരുന്നു ജോലി. അഞ്ചുവര്‍ഷം അവിടെ ജോലി ചെയ്തു.

ഇരുപത്തിയൊന്നാം വയസിലാണ് ദൈവവിളിയുണ്ടായത്. അങ്ങനെ സെമിനാരിയിലേക്ക്. പത്തുവര്‍ഷത്തെ പഠനത്തിന് ശേഷം വൈദികനായിി. കോസ്റ്റാ റിക്കായിലെ സെയ്ന്റ് റോസ് ഓഫ് ലീമാ ഇടവകയിലായിരുന്നു സേവനം അനുഷ്ഠിച്ചത്. ഇപ്പോള്‍ ആ പഴയ ബേക്കറിക്കാരനാകാന്‍ തീരുമാനിച്ചിരിക്കുകയാണ് അച്ചന്‍.

ലോക്ക് ഡൗണിന്റെ സാഹചര്യത്തില്‍ ഇടവകയില്‍ ദാരിദ്ര്യം വിരുന്നിനെത്തിയപ്പോഴാണ് അദ്ദേഹം ബേക്കറി പലഹാരങ്ങള്‍ നിര്‍മ്മിച്ച് ഇടവകജനങ്ങള്‍ക്ക് വിതരണം ചെയ്തുതുടങ്ങിയത്. ബ്രഡ്, റോള്‍ തുടങ്ങിയവയാണ് ഉണ്ടാക്കുന്നത്. സമീപത്തെ ബേക്കറികള്‍ പുതിയ പശ്ചാത്തലത്തില്‍ വില വര്‍ദ്ധിപ്പിച്ചപ്പോഴാണ് അച്ചന്‍ ബേക്കറിനിര്‍മ്മാണത്തിലേക്ക് തിരിഞ്ഞത്.

ഇത് ജീവിതത്തിലെ പ്രത്യേക നിമിഷങ്ങളാണ്. എന്റെ ഉറവിടങ്ങളിലേക്ക് മടങ്ങിപ്പോകാന്‍ ദൈവം എനിക്ക് അവസരം നല്കിയിരിക്കുന്നു. എന്റെ സഹോദരങ്ങള്‍ക്കുവേണ്ടി ജീവിക്കാന്‍. അച്ചന്‍ പറയുന്നു.