റോമിലെ സാനിറ്റാറിയോ മെഡിക്കാ ഗ്രൂപ്പ് കാസിലിനോ ഹോസ്പിറ്റല്‍ ഏപ്രില്‍ ഒന്നിന് അപൂര്‍വ്വമായ ഒരു രംഗത്തിന് സാക്ഷ്യംവഹിച്ചു. തങ്ങളുടെ രോഗിയായ ഒരു സെമിനാരി വിദ്യാര്‍ത്ഥിയുടെ വൈദികാഭിഷേകത്തില്‍ പങ്കെടുക്കാന്‍ അവസരവും ഭാഗ്യവും ലഭിച്ചതായിരുന്നു അത്. നൈജീരിയാക്കാരനായ ലിവിനിയസ് എന്ന 31 കാരനായിരുന്നു റോം ഓക്‌സിലറി രൂപതയുടെ ബിഷപ് ഡാനിയേല ലിബാനോറിയുടെ കൈവയ്പ് വഴി പുരോഹിതശുശ്രൂഷയിലേക്ക് പ്രവേശിച്ചത്.
ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പ്രത്യേക അനുവാദപ്രകാരമായിരുന്നു ഈ ചടങ്ങുകള്‍ നടന്നത്. ഇരുപതാം വയസില്‍ സെമിനാരിയില്‍ ചേര്‍ന്ന ലിവിനിയസ്, തന്റെ പ്രഥമവ്രതവാഗ്ദാനത്തിന് ശേഷമാണ് താനൊരു ലൂക്കീമിയ രോഗിയാണെന്ന് തിരിച്ചറിയുന്നത്. ആ വാര്‍ത്ത അവനെ പറഞ്ഞുവിടാന്‍ സെമിനാരി അധികാരികള്‍ക്കോ പിരിഞ്ഞുപോകാന്‍ അവനോ കാരണമായിരുന്നില്ല
. സെമിനാരിജീവിതവും പഠനവുമായി അവന്‍ മുന്നോട്ടുപോയി. രണ്ടുവര്‍ഷം മുമ്പാണ് അധികാരികള്‍ ബ്രദറിനെ ഇറ്റലിയിലേക്ക് അയച്ചത്. മെച്ചപ്പെട്ട ചികിത്സകള്‍ക്കുവേണ്ടിയായിരുന്നു അത്. ചികിത്സയും സെന്റ് തോമസ് അക്വിനാസ് പൊന്തിഫക്കല്‍ സെമിനാരിയില്‍ പഠനവുമായി ബ്രദര്‍ മുന്നോട്ടുപൊയ്‌ക്കൊണ്ടിരുന്നു. നിത്യവ്രതവാഗ്ദാനം കഴിഞ്ഞ സെപ്തംബറില്‍ നടന്നു. പക്ഷേ അധികം വൈകാതെ രോഗം മൂര്‍ഛിച്ചു. തുടര്‍ന്ന് കൂടുതല്‍ സമയവും ആശുപത്രിയിലായി. പൗരോഹിത്യസ്വീകരണം അനിശ്ചിതാവസ്ഥയിലായി. ഈ സാഹചര്യത്തില്‍ ബ്രദര്‍ തന്റെ രോഗവിവരവും എന്നാല്‍ വൈദികനായി മരിക്കണമെന്ന ആഗ്രഹവും അറിയിച്ചുകൊണ്ട് മാര്‍പാപ്പയ്ക്ക് കത്ത് അയ്ക്കുകയായിരുന്നു.
വളരെ പെട്ടെന്ന് തന്നെ മറുപടി ലഭിച്ചു. അതും മാര്‍ച്ച് 31ന്. ബ്രദറിന്റെ ആഗ്രഹം കണക്കിലെടുത്ത് എത്രയും വേഗം വൈദികസ്വീകരണം നടത്താന്‍ അനുവദിച്ചുകൊണ്ടുള്ളതായിരുന്നു ആ കത്ത്. അതിനെതുടര്‍ന്നാണ് ഏപ്രില്‍ ഒന്നിന് തന്നെ വൈദികാഭിഷേകം നടത്തിയത്. നവവൈദികന്റെ ആദ്യ ആശീര്‍വാദം തന്നെ ചികിത്സിക്കുന്ന ഡോക്ടേഴ്‌സിനും നേഴ്‌സുമാര്‍ക്കുമായിരുന്നു. ഫാ. ലിവിനസിന്റെ ആരോഗ്യത്തിനും ആയുസിനും വേണ്ടി നമുക്കും പ്രാര്‍ത്ഥിക്കാം.