മരണാന്തരജീവിതത്തെക്കുറിച്ചുളള ചിന്ത ദൈവവിളിക്ക് കാരണമായി എന്ന് കോട്ടയം അതിരൂപതയുടെ നിയുക്ത സഹായമെത്രാന്‍ ജോര്‍ജ് കുരിശുംമൂട്ടില്‍. കോട്ടയം അതിരൂപതയുടെ മുഖപത്രമായ അപ്നാദേശിന് നല്കി അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. തന്റെ ദൈവവിളിയെക്കുറിച്ച് അദ്ദേഹം പറയുന്നത് ഇപ്രകാരമാണ്:
എന്റെ വീടും ഇടവക കറ്റോട് പള്ളിയും വളരെ അടുത്താണ്. അതിനാല്‍ കൂടുതല്‍ സമയവും പള്ളിയിലായിരുന്നു ചെലവഴിച്ചിരുന്നത്. അതിനാല്‍ ചെറുപ്രായത്തിലേ വൈദികരുമായുള്ള അടുപ്പം വലിയ തോതില്‍ എന്റെ ദൈവവിളിക്ക് കാരണമായി. കൂടാതെ എന്റെ പിതാവിന്റെ അനുജനായ പരേതനായ ഫാ. തോമസ് കുരിശുംമൂട്ടിലിന്റെ കരുതലും എന്നെ വളരെയേറെ സ്വാധീനിച്ചു. അച്ചന്റെ മലങ്കര റീത്തിലുള്ള ബലിയര്‍പ്പണം എനിക്ക് വളരെ ഇഷ്ടമായിരുന്നു.
അതുപോലെ മരണാനന്തരജീവിതത്തെക്കുറിച്ചുള്ള ചിന്തയും ദൈവവിളിക്ക് കാരണമായി. അടുത്ത ബന്ധുക്കളുടെയും ചെറുപ്രായക്കാരുടെയും മരണം എന്നെ വേദനിപ്പിച്ചിരുന്നു. അപ്പോഴെല്ലാം മനുഷ്യന്റെ നശ്വരതയെക്കുറിച്ചും ഈ ലോകജീവിതത്തിനപ്പുറമുള്ള നിത്യജീവിതത്തെക്കുറിച്ചുമുള്ള ചിന്തയായിരുന്നു മനസ്സിലുണ്ടായിരുന്നത്. പിന്നീടത് കൂടുതല്‍ ആഴപ്പെട്ടു. ദിവസവും പള്ളിയില്‍ പോകുമായിരുന്നു. അള്‍ത്താരബാലനായി പ്രവര്‍ത്തിക്കുമ്പോഴും ഒരു വൈദികനാകണമെന്നുള്ള സ്വപ്നം എന്നില്‍ ഉണ്ടായിരുന്നു.
( കടപ്പാട്: അപ്നാദേശ്)