മോദിക്ക് ബൈബിള്‍ വചനം പറയാന്‍ എന്ത് അവകാശം? പ്രിയങ്ക ഗാന്ധി

തൃശൂര്‍: യുപിയില്‍ ആക്രമിക്കപ്പെട്ട കന്യാസ്ത്രീകളെക്കുറിച്ച് ഒന്നും പറയാത്ത മോദിക്ക് കേരളത്തില്‍ വന്ന് ബൈബിള്‍ വചനം പറയാന്‍ എന്തവകാശമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കഗാന്ധി. കേരളം തിരഞ്ഞെടുപ്പിനോട് അടുക്കുന്നതുകൊണ്ടു മാത്രമാണ് പ്രധാനമന്ത്രി ബൈബിള്‍ പരാമര്‍ശം നടത്തിയത്. യുപിയിലെ കന്യാസ്ത്രീകളുടെ അസ്തിത്വം തെളിയിക്കുന്ന രേഖകള്‍ അദ്ദേഹത്തിന്റെ പാര്‍ട്ടിയില്‍പെട്ടവര്‍ ആവശ്യപ്പെട്ടതിനെക്കുറിച്ച് അദ്ദേഹം മിണ്ടിയിട്ടില്ല.

ഈ കന്യാസ്ത്രീകള്‍ സ്വന്തം ജീവിതം മുഴുവന്‍ പാവപ്പെട്ടവരെ സഹായിക്കാനായി ഉഴിഞ്ഞുവച്ചവരാണെന്ന് അദ്ദേഹത്തിന് അറിയില്ല, മതത്തിന്റെ പേരില്‍ ആളുകളെ വിഭജിക്കുന്ന പാര്‍ട്ടിയാണ് അദ്ദേഹത്തിന്റേത്. മദര്‍ തെരേസയുടെ മിഷനറിമാര്‍ക്കൊപ്പം പ്രവര്‍ത്തിച്ചതില്‍ നിന്ന് സന്യാസിനി സമൂഹത്തിന്റെ സേവന മനോഭാവം എന്നെയും സ്വാധീനിച്ചിട്ടുണ്ട്. അവരുടെ വോളന്റിയറായി പ്രവര്‍ത്തിക്കാനും എനിക്ക് അവസരം ലഭിച്ചിട്ടുണ്ട്.

തൃശൂര്‍ തേക്കിന്‍കാട് മൈതാനിയില്‍ തിരഞ്ഞെടുപ്പ് സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു പ്രിയങ്ക ഗാന്ധി.