റിഡംപ്റ്ററിസ്റ്റ് വൈദികരുടെ നേതൃത്വത്തിലുള്ള നിത്യസഹായമാതാ ദേവാലയത്തിന് തീ കൊളുത്താന്‍ ശ്രമം


ഹോചിമിന്‍ സിറ്റി: റിഡംപ്റ്ററിസ്റ്റ് വൈദികരുടെ നേതൃത്വത്തിലുള്ള നിത്യസഹായ മാതാ ദേവാലയത്തിന് തീ കൊളുത്താന്‍ ശ്രമം. ജൂണ്‍ 25 നാണ് സംഭവം.

സക്രാരിക്ക് മുമ്പിലുള്ള തറയില്‍ പെട്രോളൊഴിക്കുകയും തീ കൊളുത്തുകയുമായിരുന്നു. ദേവാലയത്തില്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നവര്‍ കറുത്ത പുക കണ്ടതുകൊണ്ട് വന്‍ദുരന്തം ഒഴിവായി. അക്രമിയുടെ കൈയില്‍ കത്തിയുണ്ടായിരുന്നതായും വീഡിയോ ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു.

പോലീസ് അക്രമിയെ അറസ്റ്റ് ചെയ്തു. ഇയാള്‍ മാനസികരോഗിയാണെന്നാണ് പോലീസ് ഭാഷ്യം. നിശ്ശബ്ദനായിട്ടാണ് അയാള്‍ കാണപ്പെട്ടത്. ദേവാലയത്തിന്റെ ചുമതലയുളള ഫാ. പെട്രസ് ഡിന്‍ഹ് ലാം അക്രമം നടന്നതിന്റെ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് ആവശ്യപ്പെട്ടിരുന്നുവെങ്കിലും ദൃശ്യങ്ങള്‍ വൈറലായിരിക്കുകയാണ്. പ്രാര്‍ത്ഥിക്കാനും കുമ്പസാരത്തിനുമായി വൈകുന്നേരം വിശ്വാസികള്‍ക്കായി തുറന്നുകൊടുത്തിരുന്നു. അക്രമി കത്തോലിക്കാ കുടുംബാംഗമാണെന്നും അമ്മസ്ഥിരമായി പള്ളിയില്‍ വരുന്ന വ്യക്തിയാണെന്നും ഫാ. പെട്രസ് ലാം അറിയിച്ചു.

മകന് മാനസികരോഗമാണെന്നും എന്നാല്‍ ചികിത്സിക്കാന്‍ പണമില്ലെന്നും അവര്‍ വ്യക്തമാക്കിയതായും അദ്ദേഹം അറിയിച്ചു. അക്രമിയുടെ വീട് സന്ദര്‍ശിച്ച വൈദികനും സംഘവും അക്രമിയെയും കുടുംബത്തെയും സഹായിക്കണമെന്ന് വിശ്വാസികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ചില വിശ്വാസികള്‍ക്ക് പള്ളിയുടെ ഈ മനോഭാവത്തോട് എതിര്‍പ്പുണ്ട്.

സംഭവത്തെക്കുറിച്ച് സ്വതന്ത്രമായ അന്വേഷണം ദേവാലയത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തണമെന്നും അക്രമിയെയും കുടുംബസാഹചര്യങ്ങളെയും കുറിച്ച് പേരുവിവരങ്ങള്‍ വെളിപ്പെടുത്തണമെന്നും അന്വേഷണം വേണമെന്നുമാണ് അവരുടെ അഭിപ്രായം. വിയറ്റ്‌നാമിലെ ദേശീയ പത്രങ്ങളൊന്നും ദേവാലയ ആക്രമണത്തെസംബന്ധിച്ച വാര്‍ത്ത പ്രസിദ്ധീകരിച്ചിട്ടില്ല. ഒരു മാസം മുമ്പും വിയറ്റ്‌നാമിലെ കത്തീഡ്രല്‍ ദേവാലയത്തിന് നേരെ ആക്രമണം നടന്നിരുന്നു.