ആശ്വാസം

അമ്മയെപോലെ ഞാന്‍ നിന്നെ ആശ്വസിപ്പിക്കും( ഏശ 66/13)

ആശ്വാസം ആഗ്രഹിക്കാത്തവരായി ആരെങ്കിലുമുണ്ടാകുമോ? പൊരിവെയിലില്‍ നടന്നുവരുമ്പോള്‍ തണലിന്റെ ആശ്വാസം.. കൊടും തണുപ്പില്‍ വിറച്ചുവരുമ്പോള്‍ പുതപ്പിന്റെ ആശ്വാസം.. പനിക്കിടക്കയില്‍ സ്‌നേഹിക്കുന്ന ഒരാളുടെ സ്‌നേഹാശ്വാസം.. ദാഹിച്ചുവരുമ്പോള്‍ കുടിവെള്ളത്തിന്റെ ആശ്വാസം.

എല്ലാവരും ഓരോതരത്തില്‍ ആശ്വാസം തേടുന്നവരാണ്. ആശ്വാസം ആഗ്രഹിക്കുന്നവരാണ്.. ആശ്വാസം അര്‍ഹിക്കുന്നവരാണ്. പക്ഷേ തേടുന്ന ആശ്വാസങ്ങള്‍ക്കെല്ലാം മാനുഷികമായ പരിധിയുണ്ട്. പരിമിതിയുണ്ട്.

ആഗ്രഹിക്കുന്ന ആശ്വാസങ്ങള്‍ക്കെല്ലാം പൂര്‍ത്തീകരണം ലഭിക്കണമെന്നില്ല. അര്‍ഹിക്കുന്ന ആശ്വാസം പോലും അനുവദിക്കപ്പെടണമെന്നുമില്ല. കാരണം മനുഷ്യനോട് ബന്ധപ്പെടുന്നതിനെല്ലാം പരിമിതികളുണ്ട്.
ഉദാഹരണത്തിന്. എത്രയധികം ആശ്വാസം ലഭിക്കുമെന്ന് നാം കരുതുന്ന വലിയ സ്‌നേഹബന്ധങ്ങള്‍ പോലും ചില നേരങ്ങളില്‍ നമ്മെ വിഷമിപ്പിച്ചുകളഞ്ഞിട്ടില്ലേ.. ആശ്വാസം ലഭിക്കുമെന്ന് പ്രതീക്ഷിച്ച് അടുത്തുചെന്നിരുന്നിട്ട് വന്നതിനെക്കാള്‍ ഇരട്ടി ഭാരത്തോടെ എണീറ്റുപോയിട്ടുള്ള എത്രയോ അവസരങ്ങള്‍..

ഈ ലോകത്ത് മനുഷ്യന് മറ്റൊരു മനുഷ്യനെ ആശ്വസിപ്പി്ക്കുന്നതിനെല്ലാം പരിമിതികളുണ്ടെന്ന് ഇതിനകം നാം എത്രയോ തവണ അനുഭവിച്ചുകഴിഞ്ഞിരിക്കുന്നു. എന്നിട്ടും നാം അത് ഉള്ളിലേക്ക് വളരാന്‍ അനുവദിക്കുന്നില്ല.കാരണം നമുക്ക് മനുഷ്യനെയാണ് വിശ്വാസം. അവന്‍ നല്കുന്ന നൈമിഷികമായ വാക്കുകളിലാണ് ആശ്വാസം.

അപ്പോഴാണ്, അവിടെയാണ് കര്‍ത്താവിന്റെ ഈ വാക്കുകള്‍ നാം ഹൃദയത്തിലേക്കെടുക്കേണ്ടത്. അമ്മയെ പോലെ ഞാന്‍ നിന്നെ ആശ്വസിപ്പിക്കാം എന്ന്. അതൊരു വാക്കല്ല, വാഗ്ദാനമാണ്. മനുഷ്യന്റേതെല്ലാം വാക്കുകളാണ്. വാഗ്ദാനങ്ങളല്ല. അതെപ്പോള്‍ വേണമെങ്കിലും മാറിമറിയാം. മറ്റേയാളുടെ ഇഷ്ടങ്ങള്‍ക്ക് വിരുദ്ധമായി നീ പെരുമാറുമ്പോള്‍.. നീ നഷ്ടമാണെന്ന് തിരിച്ചറിയുമ്പോള്‍..നിന്നില്‍ നിന്ന് ആവശ്യമായതെല്ലാം ഊറ്റിയെടുത്തുകഴിയുമ്പോള്‍…

അതുകൊണ്ടാണ് ചില വാക്കുകളില്‍ വിശ്വസിച്ച് ഇറങ്ങിപ്പുറപ്പെടുന്നവരൊക്കെ ജീവിതത്തിന്റെ പല ഘട്ടങ്ങളില്‍ വച്ച് ചതിക്കപ്പെട്ടുപോകുന്നത്. സ്ത്രീപുരുഷ പ്രണയത്തിന്‍െ കാര്യത്തില്‍ മാത്രമല്ല ജോലി പോലെയുള്ള കാര്യങ്ങളില്‍ ഉറപ്പിന്റെ വാക്കുകള്‍ നല്കിയിട്ട് ഒന്നുമാകാതെ പോയവരുടെ ചില അനുഭവങ്ങള്‍ കൂടിയുണ്ട് ചേര്‍ത്തുവയ്ക്കാനായി..

പറഞ്ഞുവരുന്നത് ഇത്രയുമേയുള്ളൂ. ആരൊക്കെ നിന്നെ തള്ളിക്കളഞ്ഞാലും നിന്നെ ആട്ടിയകറ്റിയാലും നിനക്കൊരു ദൈവമുണ്ട്. അതെനമ്മെ ആശ്വസിപ്പിക്കാനായി ഒരു നല്ല ദൈവമുണ്ട്. അവിടുന്ന് നമ്മെ അമ്മയെപോലെ ആശ്വസിപ്പിക്കും. അതു മതി. മനുഷ്യന്‍ എന്നോട് എന്തും ചെയ്തുകൊള്ളട്ടെ. പക്ഷേ ദൈവമുണ്ടല്ലോ എനിക്ക്.. അതുമതി..അതുമാത്രം മതി..

ആ വാഗ്ദാനത്തില്‍ നമുക്ക് വിശ്വസിക്കാം. എല്ലാ ആകുലതകളും അവിടുത്തെ പാദത്തിങ്കല്‍ ഇറക്കിവച്ച് ആ മടിയിലേക്ക് തലചായ്ക്കാം. അവന്‍ മുടിയിഴകളിലൂടെവിരലോടിച്ച് ഇങ്ങനെ…ഹോ!.. എന്തൊരു ആശ്വാസം. ഇന്നേ ദിവസത്തെ അലച്ചിലുകള്‍..കണ്ണീരുകള്‍..തിരസ്‌ക്കരണങ്ങള്‍..അവഹേളനങ്ങള്‍.. നിന്ദനങ്ങള്‍. ,ചൂഷണങ്ങള്‍.. തെറ്റിദ്ധാരണകള്‍.. അമിതഭാരങ്ങള്‍.. എല്ലാം ഇറക്കിവച്ച്..

ദൈവമേ നീ നല്കുന്ന ഈ ആശ്വാസത്തെ മറന്നാണല്ലോ ഞാന്‍ മറ്റ് പല ആശ്വാസങ്ങളുടെയും പുറകെ പോയത്. ഇനി നീ മതിയെനിക്ക്..സ്വസ്ഥം..ശാന്തം… നിന്നില്‍ ഞാന്‍ കണ്ടെത്തിയ ഈ ആശ്വാസം സ്ഥിരമായിരിക്കട്ടെയെന്ന ഒറ്റ പ്രാര്‍ത്ഥനയേയുള്ളൂ. ഇനി ഞാന്‍ ഉറങ്ങട്ടെ..

വിഎന്‍