ബലിയര്‍പ്പിച്ചില്ല, പക്ഷേ ജീവിതബലി പൂര്‍ത്തിയാക്കി റിയോ യാത്രയായി

തൃശൂര്‍: വൈദികനായി അള്‍ത്താരയില്‍ ബലിയര്‍പ്പിച്ച് ദൈവത്തിനും ദൈവജനത്തിനും വേണ്ടി ജീവിക്കാനാഗ്രഹിച്ച റിയോ ജീവിതബലി പൂര്‍ത്തിയാക്കി തന്നെ അയച്ചവന്‌റെ അടുക്കലേക്ക് യാത്രയായിരിക്കുന്നു. പാതിവഴിയില്‍ നിലച്ചുപോയ ജീവിതഗാനമെന്ന് നമുക്കതിനെ വിശേഷിപ്പിക്കാനാവില്ല.

കാരണം ഓരോ ജീവിതങ്ങളുടെയും നേര്‍ ദൈവത്തിന് വ്യക്തവും കൃത്യവുമായ പദ്ധതിയുണ്ട്. ഒരുപക്ഷേ റിയോയുടെ ജീവിതത്തിന്മേല്‍ ദൈവം നടപ്പിലാക്കാന്‍ ആഗ്രഹിച്ച തീരുമാനം അതായിരിക്കാം. ഇന്നലെയാണ് പുല്ലഴിയിലെ സെന്റ് ക്രിസ്റ്റീനാസ് ഹോമിലെ കുളത്തില്‍ തൃശൂര്‍ അതിരൂപതയിലെ വൈദികവിദ്യാര്‍ത്ഥിയായ റിയോ മുങ്ങിമരിച്ചത്. വൈദിക പരിശീലനത്തിന്റെ ഭാഗമായി സാമൂഹ്യസേവന പ്രവര്‍ത്തനങ്ങള്‍ക്കായി എത്തിയതായിരുന്നു റിയോയും കൂട്ടുകാരും. വളരെ ആഴമുള്ള കുളത്തില്‍ കുളിക്കാന്‍ വേണ്ടി ഇറങ്ങിയപ്പോള്‍ തന്നെ റിയോ വെള്ളത്തില്‍ മുങ്ങിപ്പോകുകയായിരുന്നു. ഫയര്‍ഫോഴ്‌സിനെ വിളിച്ചുവരുത്തി പുറത്തെടുത്തപ്പോഴേയ്ക്കും റിയോ മരിച്ചുകഴിഞ്ഞിരുന്നുവെന്നാണ് വാര്‍ത്തകള്‍.

സെന്റ് തോമസ് കോളജില്‍ ഒന്നാം വര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥിയും സെമിനാരിയില്‍ അഞ്ചാം വര്‍ഷ വിദ്യാര്‍ത്ഥിയുമായിരുന്നു 21 കാരനായ റിയോ. മാതാപിതാക്കള്‍ പാവറട്ടി ഒലക്കേങ്കില്‍ നിക്കോളാസ്- മേഴ്‌സി ദമ്പതികള്‍. സഹോദരങ്ങള്‍ ലിയോ, സിയോ. റിയോയുടെ ആത്മാവിന് നിത്യശാന്തിയുംകുടുംബാംങ്ങളുടെ സങ്കടങ്ങളില്‍ പ്രാര്‍ത്ഥനാപൂര്‍വ്വം ആശ്വാസവും നേരുന്നു.