വത്തിക്കാന്‍ സിറ്റി: കര്‍ദിനാള്‍ പീറ്റര്‍ ടര്‍ക്ക്‌സണ്‍ മാസ്‌ക്കുകളും കെയര്‍ പാക്കേജുകളും ജിപ്‌സികള്‍ക്ക് വിതരണം ചെയ്തു. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പ്രത്യേക താല്പര്യവും അഭ്യര്‍ത്ഥനയുമാണ് ഇതിന് പിന്നിലുളളത്. സഹനങ്ങളിലൂടെയും വേദനകളിലൂടെയും കടന്നുപോകുന്ന ആരെയും ഇക്കാലത്ത് നാം മറന്നുപോകരുത്. പ്രത്യേകിച്ച് സാമൂഹ്യവും സാമ്പത്തികവുമായ ആവശ്യങ്ങള്‍ നേരിടുമ്പോള്‍. കര്‍ദിനാള്‍ ടര്‍ക്ക്‌സണ്‍ പ്രസ്താവനയില്‍ പറഞ്ഞു. ഒരാളില്‍ നിന്നും മുഖംതിരിക്കരുതെന്നാണ് പാപ്പയുടെ ഓര്‍മ്മപ്പെടുത്തലെന്നും കര്‍ദിനാള്‍ പറഞ്ഞു.
ജിപ്‌സികള്‍ എന്നാണ് റൊമാനികള്‍ പൊതുവെ അറിയപ്പെടുന്നത്. ദേശാടകരാണ് ഇവര്‍. ഒരിടത്തു നിന്ന് മറ്റൊരിടത്തേക്ക് യാത്ര ചെയ്തുകൊണ്ടിരിക്കുന്നവരാണ് . റൊമാനി ക്യാമ്പുകളിലും ചേരികളിലുമായി വത്തിക്കാന്‍ ആഴ്ച തോറും മൂന്നുറോളം ഭക്ഷണ പൊതികളും വിതരണം ചെയ്യുന്നുണ്ട്.
റോമിന് വെളിയില്‍ കാസ്റ്റല്‍ റൊമാനോയിലെ ക്യാമ്പ് കര്‍ദിനാള്‍ ടര്‍ക്ക്‌സണ്‍ സന്ദര്‍ശിക്കുകയും ഭക്ഷണപ്പൊതികള്‍ വിതരണം ചെയ്യുകയും ചെയ്തു. റൊമാനി കമ്മ്യൂണിറ്റിയുമായി ഫ്രാന്‍സിസ് മാര്‍പാപ്പ നിരവധി തവണ ആശയവിനിമയം നടത്തിയിട്ടുണ്ട്.
1965ല്‍ പോപ്പ് പോള്‍ ആറാമന്‍ റൊമാനി ക്യാമ്പ് സന്ദര്‍ശിച്ചതുമുതല്ക്കാണ് വത്തിക്കാന്‍ ആ സമൂഹവുമായി ബന്ധം സ്ഥാപിച്ചത്. ആ പാരമ്പര്യം ഇപ്പോള്‍ ഫ്രാന്‍സിസ് മാര്‍പാപ്പ തുടര്‍ന്നുപോരുന്നു.