ജപമാല മാസത്തിലൂടെയാണ് നാം ഇപ്പോള്‍ കടന്നുപോകുന്നത്. പലരുടെയും ജീവിതങ്ങളില്‍ ഈ ദിവസങ്ങളില്‍ പ്രത്യേകമായ ജപമാല ഭക്തി കടന്നുവന്നിട്ടുമുണ്ട്. ജപമാല വിശുദ്ധിയിലേക്കും പുണ്യത്തിലേക്കും വളര്‍ന്നുവരാന്‍ നമ്മെ സഹായിക്കുന്ന ഒരു പ്രാര്‍ത്ഥനയാണ്.
കത്തോലിക്കാസഭയെ നയിക്കാന്‍ നിയുക്തരായ അനേകം മാര്‍പാപ്പമാരും കത്തോലിക്കാസഭയിലെ അനേകം വിശുദ്ധരും ജപമാല പ്രാര്‍ത്ഥനയെ ഏറെ സ്‌നേഹിച്ചവരായിരുന്നു. അവരുടെ വാക്കുകളില്‍ ആ സ്‌നേഹം പ്രകടവുമായിരുന്നു. വിശുദ്ധനായ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ പറയുന്നത് ഇപ്രകാരമാണ്.
: ജപമാല എനിക്ക് പ്രിയപ്പെട്ട ഒരു പ്രാര്‍ത്ഥനയാണ്. അതിശയകരമായ പ്രാര്‍ത്ഥന. ലാളിത്യം കൊണ്ടും ആഴം കൊണ്ടും അത് എന്നെ അത്ഭുതപ്പെടുത്തുന്നു. ലോകം ഇന്ന് നേരിടുന്ന തിന്മകള്‍ക്കെതിരെ പ്രയോഗിക്കാനുള്ള ഏറ്റവും ശക്തമായ ആയുധമാണ് ജപമാല.
എല്ലാ കൃപകളും ദൈവം നമുക്ക് നല്കുന്നത് ജപമാലയിലൂടെയാണ് ഇതായിരുന്നു പാദ്രെപിയോയുടെ വാക്കുകള്‍. പ്രാര്‍ത്ഥനയുടെ ഏറ്റവും നല്ലരീതി ജപമാല ആണെന്നായിരുന്നു വിശുദ്ധ ഫ്രാന്‍സിസ് ദെ സാലസ് അഭിപ്രായപ്പെട്ടിരുന്നത്.
ജപമാലയിലൂടെയും ഉത്തരീയത്തിലൂടെയും പരിശുദ്ധ അമ്മ ലോകത്തെ രക്ഷിക്കുന്നുവെന്ന് വിശുദ്ധ ഡൊമിനിക്ക് പറയുന്നു.
ഇങ്ങനെ എണ്ണിയാലൊടുങ്ങാത്തവിധം അനേകം ഉദാഹരണങ്ങളുണ്ട് ജപമാലയുടെ മഹത്വം വെളിവാക്കുന്നതായിട്ട്. പറഞ്ഞുവരുന്നത് ഇത്രയുമേയുള്ളൂ, ജപമാലയുടെ ഭക്തരായി നാം ജീവിക്കുക, മാറുക. നമ്മുടെ ജീവിതത്തില്‍ ജപമാലയുടെ താളമുണ്ടായിരിക്കട്ടെ.
മാതാവില്‍ നമുക്ക് കൂടുതല്‍ ആശ്രയിക്കാനും മാധ്യസ്ഥം യാചിക്കാനും ജപമാല പ്രാര്‍ത്ഥന സഹായകരമാകട്ടെ.