ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സ്‌നേഹസമ്മാനം, റോമിലെ സാന്താ അനസ്താസ്യ ദേവാലയം ഇനി സീറോ മലബാര്‍ സഭയ്ക്ക് സ്വന്തം

റോം: റോമിലെ സാന്താ അനസ്താസ്യ ദേവാലയം സീറോ മലബാര്‍ സഭയെ ഏല്പിച്ചു കൊണ്ട് റോം രൂപതയുടെ വികാരി ജനറാള്‍ കര്‍ദിനാള്‍ ആഞ്ചെലോ ദെ ദൊണാത്തിസ് ഡിക്രി പുറപ്പെടുവിച്ചു. ലോകത്തിലെ ആദ്യ ക്രൈസ്തവ ദേവാലയങ്ങളിലൊന്നും റോമിലെ മൈനര്‍ ബസിലിക്കകളില്‍ ഏറ്റവും പുരാതനവുമാണ് സാന്താ അനസ്താസ്യാ ദേവാലയം.

റോമിലെ സീറോ മലബാര്‍ വിശ്വാസികള്‍ക്ക് സ്വന്തമായി ഒര ുദേവാലയത്തിന് വേണ്ടി ഏറെ നാളായി ശ്രമിച്ചുകൊണ്ടിരിക്കുകയായിരുന്നു. കഴിഞ്ഞവര്‍ഷത്തെ അദ്‌ലമിനാ സന്ദര്‍ശനവേളയില്‍ സിനഡ് പിതാക്കന്മാര്‍ ഇക്കാര്യം ഫ്രാന്‍സിസ് മാര്‍പാപ്പയോട് അഭ്യര്‍ത്ഥിച്ചിരുന്നു.പാപ്പയുടെ പ്രത്യേക താല്പര്യപ്രകാരമാണ് ഇപ്പോള്‍ ഈ ദേവാലയം സീറോ മലബാര്‍ സഭയ്ക്ക് നല്കിയിരിക്കുന്നത്.

ഏഴായിരത്തോളം വരുന്ന സീറോ മലബാര്‍ സഭാംഗങ്ങളുടെ ആത്മീയവും അജപാലനപരവുമായ ആവശ്യങ്ങള്‍ നിര്‍വഹിക്കപ്പെടാന്‍ പുതിയ സംവിധാനം ഏറെ പ്രയോജനപ്പെടും. റോമില്‍ സീറോ മലബാര്‍ വിശ്വാസികള്‍ക്കുവേണ്ടി വിശുദ്ധ കുര്‍ബാനയര്‍പ്പണവും സഭാകൂട്ടായ്മയും ആരംഭിച്ചതിന്റെ രജതജൂബിലി വര്‍ഷത്തിലാണ് സീറോ മലബാര്‍ സഭയ്ക്ക് ദേവാലയം സ്വന്തമായി ലഭിച്ചിരിക്കുന്നത് എന്ന പ്രത്യേകതകൂടിയുണ്ട്.