108 ാം പിറന്നാള്‍ ആഘോഷിച്ച സിസ്റ്റര്‍ ഫ്രാന്‍സിസ് ഡൊമിനിസി

സിസ്റ്റര്‍ ഫ്രാന്‍സിസ് ഡൊമിനിസി പിസ്‌കാറ്റെല്ലായുടെ 108 ാം പിറന്നാള്‍ ആയിരുന്നു ഏപ്രില്‍ 20 ന്. അമേരിക്കയിലെ ഏറ്റവും പ്രായം ചെന്ന രണ്ടാമത്തെ കന്യാസ്ത്രീയാണ് സിസ്റ്റര്‍ ഫ്രാന്‍സിസ്.

ഒമ്പതു മാര്‍പാപ്പമാരെയും 18 പ്രസിഡന്റുമാരെയും കാണാന്‍ കഴിഞ്ഞ ഭാഗ്യവും ഈ കന്യാസ്ത്രീക്കുണ്ടായി. രണ്ടാം ലോകമഹായുദ്ധം, കോള്‍ഡ് വാര്‍.. ചരിത്രപരമായി പ്രാധാന്യമുള്ള എത്രയെത്ര സംഭവവികാസങ്ങള്‍ക്കാണ് സിസ്റ്റര്‍ സാക്ഷ്യം വഹിച്ചിരിക്കുന്നത്. രണ്ടാം വയസില്‍ കാലിനുണ്ടായ പരിക്ക് ഒരു കന്യാസ്ത്രീയാകുന്നതിന് പോലും തടസ്സം സൃഷ്ടിച്ചതിനെക്കുറിച്ചും സിസ്റ്റര്‍ക്ക് നല്ല ഓര്‍മ്മയുണ്ട്.

പല മഠങ്ങളും അത്തരമൊരു കുറവിന്റെ പേരില്‍ മടക്കിഅയ്ക്കുകയും ചെയ്തു. ഒടുവിലാണ് ഡൊമിനിക്കന്‍ സന്യാസിനി സഭ സിസ്റ്ററെ സ്വീകരിച്ചത്. അധ്യാപികയായി ഏറെക്കാലം സേവനം ചെയ്തിട്ടുമുണ്ട്. കോവിഡിന്റെ അന്തരീക്ഷത്തില്‍ കഴിഞ്ഞ രണ്ടു ജന്മദിനങ്ങളും ആഘോഷമില്ലാതെയാണ് കടന്നുപോയത്. കോവിഡ് വാക്‌സിന്‍ സ്വീകരിച്ച് അടുത്ത വര്‍ഷം ജന്മദിനം ആഘോഷമാക്കാന്‍ തന്നെയാണ് സിസ്റ്ററുടെ തീരുമാനം.