മംഗളവാര്‍ത്താക്കാലം
16 വിശ്വസ്തം
ചെറിയ കാര്യങ്ങളില്‍ വിശ്വസ്തന് വലിയ കാര്യത്തിലും വിശ്വസ്തനായിരിക്കും…ദൈവത്തെയും ധനത്തെയും ഒന്നിച്ചു സേവിക്കാന്‍ നിങ്ങള്‍ക്ക് കഴിയുകയില്ല.( ലൂക്ക 16; 10-13)
ഒരു വ്യക്തിയുടെ ഏറ്റവും വലിയ ഗുണങ്ങളിലൊന്ന് വിശ്വസ്തതയാണ്.എത്രത്തോളം ബന്ധങ്ങളില്‍ വിശ്വസ്തത പുലര്‍ത്തുന്നുണ്ട്.. എത്രത്തോളം ജോലിയില്‍ വിശ്വസ്തത പുലര്‍ത്തുന്നുണ്ട്.. എത്രത്തോളം രഹസ്യംസൂക്ഷിക്കുന്നതില് വിശ്വസ്തത പുലര്‍ത്തുന്നുണ്ട്? ചിലര്‍ക്ക് മാത്രമേ രഹസ്യം സൂക്ഷിക്കാനുള്ള കഴിവുള്ളൂ. ആരോടും പറയരുതെന്ന് പറഞ്ഞ് തീവ്രവേദനയുടെ നിമിഷങ്ങളിലോ സങ്കടങ്ങളുടെ ഒറ്റപ്പെടലിലോ പറഞ്ഞുപോയവ മറ്റൊരാളുടെ കാതിലെത്തി എന്ന് അറിയുമ്പോള്‍ അവിടെ വിശ്വസ്തത പാലിക്കപ്പെട്ടിട്ടില്ല എന്ന് നാം വേദനയോടെ അറിയുന്നു. പറഞ്ഞുപോയ കാര്യമോര്‍ത്ത് ആത്മനിന്ദ അനുഭവപ്പെടുന്നു. ഇനിയൊരാളെയും വിശ്വസിക്കാതിരിക്കാന്‍ മാത്രം നമുക്കത് വേദനയും നിരാശയും നഷ്ടബോധവുമാകുന്നു.
കുമ്പസാരക്കൂട് വിശ്വസ്തതയുടെ ഏറ്റവും വലിയ കൂടാരമാകുന്നത് അവിടെ നാം പറയുന്ന കാര്യങ്ങള്‍ പുറത്തുപോകില്ല എന്ന ഉറപ്പുകൊണ്ടാണ്. വിശ്വസ്തത ഇത്രയധികം പാലിക്കപ്പെടുന്ന മറ്റൊരു ഇടവും നമുക്ക് കണ്ടെത്താനും കഴിയില്ല. തീരെ നിസ്സാരമായ കാര്യങ്ങളിലും വലിയ കാര്യങ്ങളിലും ഒരേപോലെയുള്ള വിശ്വസ്തത പുലര്‍ത്താന്‍ കഴിയുന്നതും വ്യക്തിത്വത്തിന്റെ മഹത്വമാണ്. അപ്രധാനമെന്ന് കരുതി നാം അവഗണിച്ചുകളയുന്നവയ്ക്കും പ്രധാനപ്പെട്ടതെന്ന് നാം ഉയര്‍ത്തിക്കാണിക്കുന്നതും ഒന്നുപോലെ വിലയുള്ളവതന്നെ. സ്വന്തം വിശ്വസ്തതയെക്കുറിച്ച് ധ്യാനിക്കാനുള്ള അവസരം കൂടിയാണ് ഇത്. ഏതൊക്കെ വ്യക്തികളോട്, ഏതൊക്കെ അവസ്ഥകളിലാണ് വിശ്വസ്തത പുലര്‍ത്താന്‍ കഴിയാതെ പോയത്? ജീവിതപങ്കാളിയോട്.. മക്കളോട്.. പ്രായമായ മാതാപിതാക്കളോട്..ജോലിയോട്.. വിശ്വസ്തതയുണ്ടായിരിക്കട്ടെ. വിശ്വസ്തതയുണ്ടെങ്കില് മറ്റുളളതെല്ലാം ദൈവം കൂട്ടിചേര്ത്തുതരും.ഉറപ്പ്.
നിന്നെ വിശ്വസിച്ചു പറഞ്ഞതും ചെയ്തതും നീ ഇനിയും പരസ്യമാക്കിയിട്ടില്ലെന്ന അറിവാണ് നിന്നെ ഇന്നും കുമ്പസാരക്കൂടുപോലെ നഗ്നമാക്കാന്‍ പ്രേരിപ്പിക്കുന്നതെന്ന് കൂടി പറഞ്ഞുകൊള്ളട്ടെ.
വിഎന്‍