ഷഹബാസ് ഭാട്ടിയുടെ ഓര്‍മ്മയില്‍ കത്തോലിക്കാ ലോകം

ഷഹബാസ് ഭാട്ടിയുടെ ഓര്‍മ്മകള്‍ക്ക് മുമ്പില്‍ പത്താണ്ട് പൂര്‍ത്തിയായി. ഓര്‍മ്മയില്ലേ ഷഹബാസ് ഭാട്ടിയെ ?പാക്കിസ്ഥാനിലെ കത്തോലിക്കാ രാഷ്ട്രീയപ്രവര്‍ത്തകനും ന്യൂനപക്ഷ വകുപ്പ് മന്ത്രിയുമായിരുന്നു ഷഹബാസ് ഭാട്ടി എന്ന കത്തോലിക്കന്‍. അദ്ദേഹത്തിന്റെ ക്രൈസ്തവനിലപാടുകളുടെ പേരില്‍ ഇസ്ലാമിക തീവ്രവാദി പത്തുവര്‍ഷങ്ങള്‍ക്ക് മുമ്പ് വെടിവച്ചുകൊല്ലുകയായിരുന്നു. കൊല്ലപ്പെടുമ്പോള്‍ പാക്കിസ്ഥാനിലെ ഫെഡറല്‍ ക്യാബിനറ്റില്‍ അദ്ദേഹം മാത്രമായിരുന്നു ഒരേയൊരു ക്രൈസ്തവന്‍.

ടെഹ്‌റിക്ക്-താലിബാന്‍ ഗ്രൂപ്പ് മെംബറായിരുന്നു വെടിയുതിര്‍ത്തത്. വര്‍ഷങ്ങള്‍ക്ക് മുന്നേ തന്നെ അദ്ദേഹത്തിന് നേരെ വധഭീഷണിയുണ്ടായിരുന്നു. മതസ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള രക്തസാക്ഷി എന്നായിരുന്നു അദ്ദേഹത്തെ പാക്കിസ്ഥാനിലെ മെത്രാന്‍ സംഘം വിശേഷിപ്പിച്ചത്. 2016 ല്‍ അദ്ദേഹത്തിന്റെ നാമകരണ നടപടികള്‍ക്ക് രൂപതാതലത്തില്‍ തുടക്കം കുറിച്ചിട്ടുമുണ്ട്. കൊല്ലപ്പെടുമ്പോള്‍ ഭാട്ടിക്ക് 42 വയസ് മാത്രമായിരുന്നു പ്രായം. മരണത്തിന് മുമ്പുള്ള വീഡിയോയില്‍ അദ്ദേഹം പറഞ്ഞത് ഇപ്രകാരമായിരുന്നു.

“ഞാന്‍ യേശുക്രിസ്തുവില്‍ വിശ്വസിക്കുന്നു. അവിടുന്നാണ് ഞങ്ങള്‍ക്ക് ജീവന്‍ നല്കിയത്.. അവിടുത്തേക്ക് വേണ്ടി മരിക്കാന്‍ ഞാന്‍ സന്നദ്ധനാണ്. ഞാന്‍ എന്റെ കമ്മ്യൂണിറ്റിക്കുവേണ്ടി ജീവിക്കുന്നു. അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് വേണ്ടി ഞാന്‍ മരിക്കും.”