ഇടര്‍ച്ച

യേശു പറഞ്ഞു എന്നില്‍ ഇടര്‍ച്ച തോന്നാത്തവന്‍ ഭാഗ്യവാന്‍( മത്താ 11/6)

പലപ്പോഴും ഉള്ള് കലങ്ങിയിട്ടുണ്ട്, ഈ തിരുവചനം കേള്‍ക്കുമ്പോള്‍.

അതുപോലെ മറ്റൊരാളുടെ ഇടര്‍ച്ചയ്ക്ക് കാരണക്കാരനാകുന്നതിനെക്കാള്‍ ഭേദം കഴുത്തില്‍ തിരികല്ല് കെട്ടി കടലില്‍ ചാടുകയാണെന്ന് വായിക്കുമ്പോഴും.

അപ്പോഴൊക്കെ വല്ലാതെ ആശങ്കപ്പെട്ടിട്ടുണ്ട് ആര്‍ക്കെങ്കിലും ഇടര്‍ച്ച നല്കിയിട്ടുണ്ടോ?. ഒരു വാക്ക് കൊണ്ടു മുതല്‍ ഒരു വിരല്‍ സ്പര്‍ശം വരെ..? അറിയില്ല.

എന്നിട്ടും ചില കുറ്റപ്പെടുത്തലുകളൊക്കെ കേള്‍ക്കേണ്ടിവന്നിട്ടുമുണ്ട്, നീയാണ് തുടങ്ങിവച്ചതെന്നും നീയാണ് കാരണക്കാരനെന്നും.

ജീവിതത്തില്‍ പിന്നീട് മധുരമുള്ള ഓര്‍മ്മപോലെ തോന്നുകയും അയവിറക്കാന്‍ ആഗ്രഹിക്കുകയും ചെയ്ത ചില സംഭവങ്ങളുടെ പേരില്‍, അതില്‍ പങ്കാളിയായിരുന്ന ആളു തന്നെയാണ് പിന്നീട് ചൂണ്ടുവിരല്‍ നീട്ടിയത്. മനസ്സ് അപ്പോഴൊക്കെ വല്ലാതെ ആത്മനിന്ദ കൊണ്ട് നീറിപ്പുകഞ്ഞിരുന്നു. കുറ്റബോധം കൊണ്ട് നീറിയിരുന്നു. ദൈവമേ ഞാന്‍ കാരണമാണല്ലോ..ഞാനാണല്ലോ കാരണക്കാരന്‍ എന്ന്.

ഇടര്‍ച്ചകള്‍ ഉണ്ടാവുക എന്നത് സ്വഭാവികമായിരിക്കും.പക്ഷേ ഇടര്‍ച്ചയ്ക്ക് കാരണക്കാരനാകാതിരിക്കുക. അതിനാണ് കൂടുതല്‍ ശ്രദ്ധ കൊടുക്കേണ്ടതെന്ന് തോന്നിയിട്ടുണ്ട് .ഇടറുമ്പോള്‍ സ്വയം കുറ്റമേറ്റെടുത്താല്‍ മതി. പക്ഷേ ഇടര്‍ച്ചയ്ക്ക് കാരണക്കാരനാകുമ്പോള്‍ ഭാരം ഇരട്ടിയാകും. സ്വയം പിഴച്ചതിന് പുറമെ പിഴപ്പിക്കുകയും കൂടി ചെയ്തുവല്ലോ.

സാധാരണക്കാരെക്കാള്‍ കുറെക്കൂടി ഉത്തരവാദിത്തവും കടമയുണ്ട് കൂടുതല്‍ കൃപകള്‍ കിട്ടിയവര്‍ക്ക്. അതുകൊണ്ടാണ് ആത്മീയനേതാക്കളുടെയും മതാചാര്യന്മാരുടെയും ചുവടുകള്‍ പതറുമ്പോള്‍ അത് അനുയായികള്‍ക്ക് മുഴുവന്‍ ഇടര്‍ച്ചയ്ക്ക് കാരണമാകുന്നത്.

ദൈവത്തില്‍ ഇടറിപ്പോകാത്ത കണ്ണുകള്‍..മറ്റുള്ളവരെ തെറ്റിക്കാത്ത ചുവടുകള്‍.. ഒരു മനുഷ്യന്റെ ഭാഗ്യം അതുകൂടിയാണ്.

ദൈവമേ നിന്നില്‍ ഇടറിപ്പോകാതിരിക്കാന്‍ എനിക്ക് കൃപ നല്കണമേയെന്ന് പ്രാര്‍ത്ഥിക്കുന്നതിനൊപ്പം മറ്റൊരാളുടെ ഇടര്‍ച്ചയ്ക്ക് കാരണക്കാരനാകാതിരിക്കട്ടെയെന്ന് പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു.

ഈ രാത്രിയിലേക്ക് ചേക്കേറുമ്പോള്‍ ഒരാത്മശോധന നമ്മുടെ ഭാഗത്തുനിന്നുണ്ടാവേണ്ടത് നല്ലതാണ്. ഞാന്‍ ദൈവത്തില്‍ ഇടറിയിട്ടുണ്ടോ.. മറ്റാരുടെയെങ്കിലും ഇടര്‍ച്ചയ്ക്ക് ഞാന്‍ കാരണക്കാരനായിട്ടുണ്ടോ?
ശുഭരാത്രി
വി എന്‍