മാനസാന്തരത്തിന്റെ കഥ പറയുന്ന ബാര്‍ബര്‍ഷോപ്പ്

നാം കണ്ടിട്ടുള്ള മറ്റെല്ലാ ബാര്‍ബര്‍ ഷോപ്പുകളില്‍ നിന്നും വ്യത്യസ്തമാണ് വാഷിംങ്ടണ്‍ സ്ട്രീറ്റിലെ ഏലിയാസ് എല്‍സായ്ഹയുടെ ഷോപ്പ്. ഇവിടെ ഭിത്തിയില്‍ അലങ്കരിച്ചിരിക്കുന്നത് കരുണയുടെ ഈശോയുടെയും മാതാവിന്റെയും ചിത്രങ്ങള്‍. വിശുദ്ധ പാദ്രെ പിയോയുടെ ഉള്‍പ്പടെയുള്ള വിശുദ്ധരുടെ ചിത്രങ്ങള്‍. ആരും തെല്ലൊന്ന് അമ്പരക്കും.

പക്ഷേ ഏലിയാസിന്റെ ജീവിതകഥ അറിയുമ്പോള്‍ ആ അമ്പരപ്പ് മെല്ലെ ഇല്ലാതെയാകും. കാരണം തെറ്റായ ജീവിതത്തില്‍ നിന്നുള്ള മാനസാന്തരം സൃഷ്ടിച്ച അത്ഭുതമാണ് അത്. ലെബനോനില്‍ നിന്ന് 27 ാം വയസില്‍ അമേരിക്കയിലെത്തിയ വ്യക്തിയായിരുന്നു ഏലിയാസ്. പാപത്തില്‍ ജീവിച്ച ഒരു ഭൂതകാലമുണ്ടായിരുന്നു ഏലിയാസിന്. നിരവധി സ്ത്രീകള്‍ കടന്നുപോയ ജീവിതം. ഒരേ സമയം രണ്ടു സ്ത്രീകളുമായി ജീവിച്ചുപോരുകയും ചെയ്തിരുന്നു.

പത്തുവര്‍ഷത്തോളം പല അവിഹിതമാര്‍ഗ്ഗങ്ങളിലൂടെയും സമ്പാദിച്ച പണമായിരുന്നു ഇങ്ങനെ അയാള്‍ ധൂര്‍ത്തടിച്ചിരുന്നത്. അങ്ങനെയിരിക്കെ ഒരു ദിവസം ഏലിയാസിന്റെ സുഹൃത്ത് ഒരു വൈദികന്റെ പ്രസംഗം അദ്ദേഹത്തെ കേള്‍പ്പിച്ചു. ലെബനോന്‍ കാരനായ ഫാ. റാല്‍ഫ് ടാന്‍ജാറിന്റേതായിരുന്നു അത്. ആ പ്രഭാഷണം ഏലിയാസിനെ സ്പര്‍ശിച്ചുവെന്ന് പറയാതിരിക്കാനാവില്ല. കാരണം മാനസാന്തരം, കുമ്പസാരം, വിശുദ്ധ കുര്‍ബാന എന്നിവയെക്കുറിച്ചുള്ളക്കുറിച്ചുള്ളതായിരുന്നു അത്.

പക്ഷേ ആ വഴിക്ക് പോകാന്‍ ഏലിയാസിന് സാധിച്ചില്ല. വീണ്ടും പഴയ വഴിയെ തന്നെ. മുപ്പത്തിനാലാം വയസിലാണ് ഏലിയാസിന്റെ ജീവിതത്തില്‍ മറ്റൊരു സംഭവമുണ്ടായത്. സുഹൃത്തുക്കളുമൊത്തുള്ള അടിപിടി. മെറ്റല്‍ ബാറ്റുകൊണ്ട് തലയ്ക്ക് അടിയേറ്റതു വീണതേ ഓര്‍മ്മയുള്ളൂ. പിന്നീട് കണ്ണുതുറക്കുമ്പോള്‍ ഐസിയുവിലായിരുന്നു.

ബോധരഹിതനായി താന്‍ വീഴുമ്പോള്‍ ഏതോ പ്രായശ്ചിത്തമെന്നോണം തന്റെ ജീവിതം ദൈവത്തിന്റെ കരങ്ങളിലേക്ക് സമര്‍പ്പിക്കാന്‍ താന്‍ മറന്നിരുന്നില്ല എന്നാണ് ഏലിയാസിന്റെ ഓര്‍മ്മ. എന്തായാലും വൈകാതെ സംസാരിക്കാനോ നടക്കാനോ കഴിയാത്ത അവസ്ഥയിലെത്തി. അത് ഏലിയാസിനെ സംബന്ധിച്ചിടത്തോളം ഭീതിദമായ അവസ്ഥയായിരുന്നു. അതേ സമയം തന്നെ തന്റെ കിടക്കയ്ക്കരികില്‍ ചില അദൃശ്യരായ ഭീകരരൂപികളെയും ഏലിയാസ് കണ്ടു. കറുത്ത പുകയും അവരുടെ സമീപത്തു നിന്ന് ഉയരുന്നുണ്ടായിരുന്നു. അത് നരകമാണെന്ന് ഏലിയാസിന് മനസ്സിലായി. ആ സമയം അയാള്‍ പരിശുദ്ധ അമ്മയെ ഉറക്കെ വിളിച്ചു. അപ്പോള്‍ അതിശയമെന്ന് പറയട്ടെ അദൃശ്യരൂപികള്‍ അപ്രത്യക്ഷരായി. നാലു മണിക്കൂറെടുത്താണ് ഏലിയാസ് തന്റെ ആദ്യ കുമ്പസാരം നടത്തിയത്.

വൈകാതെ അയാള്‍ തന്റെ പാപവഴികളില്‍ നിന്നുള്ള പിന്‍നടത്തം ആരംഭിച്ചു. ജപമാലയും കൂദാശകളും ഏലിയാസിന്റെ ജീവിതത്തിന്റെ ഭാഗമായി. എന്നാല്‍ ഇപ്പോഴും താന്‍ പൂര്‍ണ്ണമായും മാനസാന്തരപ്പെട്ടിട്ടില്ല എന്നാണ് ഏലിയാസിന്റെ വിശ്വാസം. എങ്കിലും തന്റെ ഷോപ്പില്‍ വരുന്നവരോടെല്ലാം തന്റെ മാനസാന്തരകഥ പറയുന്നു, പാപത്തെ വെറുത്തുപേക്ഷിച്ച വഴികളെക്കുറിച്ച് പറയുന്നു. ഏലിയാസിന്റെ ജീവിതസാക്ഷ്യം അനേകരെ സ്വാധീനിക്കുന്നു. പലരിലും ദൈവികസ്മരണ ഉണ്ടാക്കാനും അവ കാരണമാകുന്നു.