ലോകത്തെ സ്വാധീനിച്ച 100 പേരില്‍ പന്ത്രണ്ടാമതായി മലയാളി കന്യാസ്ത്രീയും

ന്യൂഡല്‍ഹി: പോയവര്‍ഷം ലോകത്തെ സ്വാധീനിച്ച നൂറുപേരില്‍ പന്ത്രണ്ടാമതായി കത്തോലിക്കാ കന്യാസ്ത്രീയും മലയാളിയുമായ സിസ്റ്റര്‍ ലിസി കുര്യനും. പൂനൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മഹറിന്റെ സ്ഥാപകയായ സിസ്റ്റര്‍, ദലൈലാമയ്ക്കും ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്കും തൊട്ടുപിന്നിലായിട്ടാണ് സ്ഥാനം പിടിച്ചിരിക്കുന്നത്. ഓസ്ട്രിയന്‍ മാഗസിനായ OOOM ആണ് ഈ സര്‍വേ നടത്തിയത്.

2016 മാര്‍ച്ച് എട്ടിന് വനിതാദിനത്തില്‍ രാഷ്ട്രം നാരിശക്തി പുരസ്‌ക്ക നല്കി ആദരിച്ച 20 സ്ത്രീകളില്‍ ഏക കത്തോലിക്കയും സിസ്റ്റര്‍ ലിസി കുര്യനായിരുന്നു. തെരുവില്‍ അലഞ്ഞുതിരിഞ്ഞു നടക്കുന്ന നൂറുകണക്കിന് കുട്ടികള്‍ക്ക് അഭയം നല്കുന്ന ജീവകാരുണ്യപ്രവര്‍ത്തനമാണ് സിസ്റ്ററെ ഒരു നായികയായി തിരഞ്ഞെടുക്കാന്‍ മാസികയെ പ്രേരിപ്പിച്ചത്. ഇന്ത്യയുടെ വിവിധഭാഗങ്ങളില്‍ ദാരിദ്ര്യത്തില്‍ കഴിഞ്ഞുകൂടുന്ന അനേകം വ്യക്തികള്‍ക്ക് വീടുപണിതുകൊടുക്കാനും സിസ്റ്ററിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ട്, ലോക്ക് ഡൗണ്‍ കാലത്ത് ഇരുപത്തയ്യായിരം കുടിയേറ്റ തൊഴിലാളികള്‍ക്ക് ഭക്ഷണം കൊടുക്കാനും സിസ്റ്റര്‍ക്ക് സാധിച്ചു.

അറുനൂറോളം പേര്‍ക്ക് ദിവസവും പൊതിച്ചോറും വിതരണം ചെയ്യുന്നുണ്ട് 21 ഗ്രാമങ്ങളിലായി നാലായിരത്തോളം ആളുകള്‍ക്ക് മാസ്‌ക്കുകളും സാനിറ്റൈസറുകളും വൈദ്യസഹായവും ലോക്ക് ഡൗണ്‍കാലത്ത് നല്കാനും കഴിഞ്ഞിട്ടുണ്ട്.