സാത്താന്‍ ആരാധകരായി മാറിയ മതബോധന വിദ്യാര്‍ത്ഥിനികള്‍ കൊല ചെയ്ത കന്യാസ്ത്രീ ഇനി രക്തസാക്ഷി

വത്തിക്കാന്‍ സിറ്റി: താന്‍പഠിപ്പിച്ച മതബോധന വിദ്യാര്‍ത്ഥിനികളുടെ കൈകളാല്‍ മൃഗീയമായി കൊല ചെയ്യപ്പെട്ട കന്യാസ്ത്രീ സിസ്റ്റര്‍ മരിയ ലൗറയെ രക്തസാക്ഷിയായി ഫ്രാന്‍സിസ് മാര്‍പാപ്പ പ്രഖ്യാപിച്ചു. 2000 ജൂണ്‍ ആറിനാണ് അറുപതുകാരിയായ സിസ്റ്ററെ മൂന്ന് വിദ്യാര്‍ത്ഥിനികള്‍ ഇറ്റലിയിലെ ചിയാവെന്നപാര്‍ക്കില്‍ വച്ച് ക്രൂരമായി കൊല ചെയ്തത്.

ഇഷ്ടിക കൊണ്ട് തലയ്ക്കടിച്ചും കത്തി കൊണ്ട് കുത്തിയുമായിരുന്നു കൊലപാതകം. സാത്താനിക ആരാധനയുടെ ഭാഗമായിട്ടായിരുന്നു കൊലപാതകം ചെയ്തത് എന്ന് പ്രതികള്‍ പിന്നീട് കുറ്റസമ്മതം നടത്തി. ഇപ്പോള്‍ മൂന്നുപേരും ജയിലിലാണ്. ദൈവമേ ഇവരോട് ക്ഷമിക്കണമേ എന്നതായിരുന്നു സിസ്റ്ററുടെ അവസാനവാക്കുകള്‍. സിസ്‌റ്റേഴ്‌സ് ഓഫ് ദ ക്രോസ് കോണ്‍വെന്റിലെ സുപ്പീരിയറായിരുന്നു സിസ്റ്റര്‍ മരിയ.

തന്റെ ജീവിതം മുഴുവന്‍ മറ്റുള്ളവര്‍ക്ക് വേണ്ടി സമര്‍പ്പിച്ച സിസ്റ്റര്‍ മരിയ, തന്റെ ജീവനെടുത്തവര്‍ക്കുവേണ്ടിയും പ്രാര്‍ത്ഥിച്ചാണ് ഇഹലോകവാസം വെടിഞ്ഞതെന്ന് ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയും സിസ്റ്റര്‍ മരിയായെക്കുറിച്ച് അഭിപ്രായപ്പെട്ടിട്ടുണ്ട്.