സാത്താനോട് സംസാരിക്കാനോ തര്‍ക്കിക്കാനോ നില്ക്കരുതെന്നാണ് ഫ്രാന്‍സിസ്പാപ്പ പറയുന്നത്. ശരിയാണ്.. സാത്താനെ തര്‍ക്കത്തിലൂടെ തോല്പിച്ചുകളയാമെന്നൊക്ക നമുക്ക് തോന്നാനിടയുണ്ട്. എന്നാല്‍ അതിന് ശ്രമിക്കേണ്ട കാര്യമില്ല. കാരണം ആ തര്‍ക്കങ്ങള്‍ ചിലപ്പോഴെങ്കിലും നമ്മെ അബദ്ധത്തില്‍ എത്തിച്ചേക്കാം.ക്രിസ്തു തന്നെ മാതൃകസാത്താനോടു വാഗ്വാദത്തില്‍ ഏര്‍പ്പെടാനുള്ള പ്രാപ്തിയും കാര്യബോധവുമൊക്കൈ ക്രിസ്തുവിന് ഉണ്ടായിരുന്നില്ലേ. സംശയമെന്ത് തീര്‍ച്ചയായും ഉണ്ടായിരുന്നു. വേദശാസ്ത്രികളുമായി ചെറുപ്രായത്തിലേ വാഗ്വാദത്തില്‍ ഏര്‍പ്പെടാന്‍ മാത്രം ദൈവികജ്ഞാനം ഉണ്ടായിരുന്ന, പരിശുദ്ധാത്മാവിനാല്‍ പിറവിയെടുത്ത ക്രിസ്തുവിന് തീര്‍ച്ചയായും സാത്താനെ തോല്പിക്കാന്‍ കഴിയുമായിരുന്നു. എന്നാല്‍ അതില്‍ നിന്ന് മാറിനില്ക്കാനുള്ള വിവേകവും ദൈവികജ്ഞാനവുമാണ് ക്രിസ്തു പുലര്‍ത്തിയത്.
ജീവിതത്തില്‍ നമുക്ക് നേരിടേണ്ടിവരുന്ന പ്രലോഭനങ്ങളോടും സാത്താനിക ആക്രമണങ്ങളോടും നാം എങ്ങനെയാണ് പ്രതികരിക്കേണ്ടത് എന്നതിന് എന്നും നിലനില്ക്കുന്ന മാതൃകയാണ് ക്രിസ്തു ഇതിലൂടെ കാണിച്ചുതന്നത്.മൂന്നുതരം പ്രലോഭനങ്ങള്‍കല്ലുകളെ അപ്പമാക്കാനുള്ള പ്രലോഭനം, സാത്താനെ ആരാധിക്കാനുള്ള പ്രലോഭനം, ദൈവത്തെ വെല്ലുവിളിക്കാനുള്ള പ്രലോഭനം..
സാത്താന്‍ ക്രിസ്തുവിന് മുമ്പില്‍ മാത്രമല്ല മനുഷ്യരാശിയെ മുഴുവന്‍ വെല്ലുവിളിക്കുന്നത് ഈ മൂന്നുതരം പ്രലോഭനങ്ങളിലൂടെയാണ്. ഇവയെ നാം എങ്ങനെ നേരിടുന്നു എന്നതാണ് നമ്മുടെ ആത്മീയത ക്യത്യമായി അടയാളപ്പെടുത്തുന്നത്.കല്ലുകള്‍ വെറും കല്ലുകളല്ലചില രോഗാവസ്ഥകളിലൂടെ കടന്നുപോകുമ്പോള്‍ ഭക്ഷണം കഴിക്കാനുള്ള വിരസതയും രുചിയില്ലായ്മയും ഒരിക്കലെങ്കിലും അനുഭവിച്ചറിഞ്ഞിട്ടുള്ളവരാണ് നമ്മള്‍. അപ്പോള്‍ ജീവിക്കാനുള്ള വലിയ പ്രേരണകളിലൊന്നാണ് പൈദാഹങ്ങള്‍.
എന്നാല്‍ ജീവിക്കാന്‍ വേണ്ടി നാം എന്തും ചെയ്തുകൂട്ടേണ്ടവരല്ല എന്നാണ് ക്രിസ്തു ഇവിടെ വ്യക്തമാക്കുന്നത്. ഏതുരീതിയിലും പണമുണ്ടാക്കിയാല്‍, പണം അതുണ്ടാക്കിയ നാണക്കേടുകള്‍ ഇല്ലാതാക്കും എന്ന ധാരണ പരക്കെയുണ്ട്.വ്യഭിചരിച്ചും കൂട്ടിക്കൊടുത്തും കള്ള് കച്ചവടം നടത്തിയും കൊള്ളപ്പലിശ ഈടാക്കിയും അതിര്‍ത്തിക്കല്ലു മാന്തിയും കൂലിക്കാര്‍ക്ക്അര്‍ഹതപ്പെട്ടത് നല്കാതെയും കല്ലുകളെ അപ്പമാക്കി മാറ്റാനുള്ള പ്രലോഭനങ്ങള്‍ എല്ലാവര്‍ക്കുമുണ്ട്. അതിനെ അതിജീവിക്കുക. കല്ലുകള്‍ ജീവിതം കെട്ടിപ്പടുക്കാനുള്ള ചില ഉപാദാനങ്ങളാണ്..ഭൗതികസമൃദ്ധിയുടെയും സമ്പത്തിന്റെയും അടയാളങ്ങളാണ്.ഭൗതികസമൃദ്ധി മാത്രമല്ല ജീവിതത്തിലെ സന്തോഷങ്ങള്‍ക്ക് കാരണമാകുന്നത്. ദൈവത്തിന്റെ വചനങ്ങള്‍ കൊണ്ടുകൂടിയാണ് ജീവിതം അലങ്കരിക്കപ്പെടേണ്ടത്.
അല്ലെങ്കില്‍ ഭൗതികനേട്ടങ്ങള്‍ അവ ഫലവത്താകുന്നത് ദൈവത്തിന്റെ കരങ്ങളില്‍ നിന്ന് സ്വീകരിക്കുമ്പോള്‍ കൂടിയാണ്.ആഗ്രഹിക്കുന്നതെന്തും സ്വന്തമാക്കാന്‍ദൈവത്തെക്കാള്‍ സാത്താന്‍ കൂടെയുള്ളതാണ് ചിലര്‍ക്ക് താല്പര്യം. കാരണം ദൈവത്തെ പ്രീതിപ്പെടുത്താനുള്ള മാര്‍ഗ്ഗങ്ങളെക്കാള്‍ എളുപ്പമാണ് അവര്‍ക്ക് സാത്താനെ പ്രീതിപ്പെടുത്താന്‍. ഈ വഴിക്ക് പോകുന്നവര്‍ നമുക്കിടയില്‍ പോലും കുറവല്ല എന്നതാണ് സത്യം. ചില പ്രത്യേക സ്ഥലങ്ങളിലും ജില്ലകളിലുമുള്ള ക്രൈസ്തവര്‍ പല കുട്ടിച്ചാത്താന്മാര്‍ക്കും സേവ ചെയ്യുന്നവരാണ് എന്ന് ചില അടക്കംപറച്ചിലുകളുമുണ്ട്.
ആദം ജോണ്‍ എന്ന സിനിമയില്‍ പറയുന്നതുപോലെ സമൂഹത്തില്‍ വിലയും നിലയുമുള്ള, പള്ളികാര്യങ്ങള്‍ക്ക് യാതൊരു മുടക്കവും വരുത്താത്തവരാണ് ഇവരില്‍ ചിലരെങ്കിലും. സാത്താനെ ആരാധിച്ചും അവനെ പ്രീണിപ്പെടുത്തിയും നേടിയെടുക്കുന്ന ഭൗതികനേട്ടങ്ങള്‍ വേണ്ടെന്ന് വയ്ക്കാനുള്ള തന്റേടം നാം കാണിക്കേണ്ടിയിരിക്കുന്നു.ദൈവത്തെ വെല്ലുവിളിക്കാനുള്ള പ്രേരണജീവിതത്തില്‍ പല ഉയര്‍ച്ചകളും ഭൗതികനേട്ടങ്ങളും ഉണ്ടായിക്കഴിയുമ്പോള്‍ ദൈവത്തെ വിസ്മരിച്ചുപോകുന്ന ഒരപകടമുണ്ട്. എല്ലാം താന്‍ നേടിയെടുത്തതാണെന്നും തന്റെ കഴിവാണെന്നും ധരിച്ചുവശായവര്‍ നമുക്കിടയില്‍ ധാരാളമുണ്ട്. അവര്‍ക്ക് ആ നേട്ടങ്ങളില്‍ ദൈവം അപ്രധാനമാകുന്നു. ഇത് സാത്താന്‍ തരുന്ന ഒരു പ്രലോഭനമാണ്.
നീ ദൈവപുത്രനാണെങ്കില്‍ താഴേക്ക് ചാടുക എന്ന സാത്താന്റെ ആഹ്വാനം ദൈവാവബോധത്തില്‍ നിന്ന് നീ മാറിനില്ക്കുക എന്നും ദൈവത്തെ വിസ്മരിക്കുക എന്നുമാണ്. അത്തരം പ്രലോഭനത്തില്‍ നിന്നും നാം മാറിനില്‌ക്കേണ്ടിയിരിക്കുന്നു.മരുഭൂമിയിലെ പരീക്ഷകള്‍ആത്മീയജീവിതത്തിലെ പരീക്ഷകളെയും പ്രലോഭനങ്ങളെയും കുറിച്ചാണ് മുകളില്‍ നാം കണ്ടതെങ്കില്‍ കുടുംബജീവിതത്തിലുമുണ്ട് ഇത്തരം ചില പരീക്ഷണങ്ങളും പ്രലോഭനങ്ങളും.
ഇവിടെ സാത്താന്‍ എന്നത് കൊമ്പും വാലും ഉള്ള ഭീകരജീവിയായിട്ടല്ലപ്രത്യക്ഷപ്പെടുന്നത്. നമ്മുടെ തന്നെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തികളായ ജീവിതപങ്കാളിയുടെയോ സുഹൃത്തുക്കളുടെയോ മാതാപിതാക്കളുടെയോ മേലധികാരികളുടെയോ രൂപത്തിലായിരിക്കും അവര്‍ നമ്മുടെ ജീവിതത്തിലേക്ക് കടന്നുവരുന്നത്. പലതരത്തിലുള്ള പ്രലോഭനങ്ങള്‍ ഇവര്‍ വച്ചുനീട്ടണമെന്നില്ല പക്ഷേ നമ്മുടെ ആന്തരികശാന്തതയെയും പ്രാര്‍ത്ഥനാജീവിതത്തെയും ഹൃദയസൗന്ദര്യത്തെയും എല്ലാം വെല്ലുവിളിച്ചുകൊണ്ട് വാക്കുകളിലൂടെയും പ്രവൃത്തികളിലൂടെയും അവ നമ്മെകടന്നാക്രമിക്കും.അല്ലെങ്കില്‍ ഒന്നാലോചിച്ചുനോക്കൂ, പ്രാര്‍ത്ഥനയില്‍ ആഴപ്പെടുകയും കൂടുതല്‍ വിശുദ്ധമായി ജീവിക്കാന്‍ ആഗ്രഹിക്കുകയും ചെയ്യുമ്പോഴല്ലേ നമ്മുടെ ജീവിതത്തിലേക്ക് കൂടുതല്‍ പ്രശ്‌നങ്ങള്‍ മറ്റുള്ളവര്‍ കൊണ്ടുവന്ന് നിക്ഷേപിക്കുന്നത് എന്ന്.
പ്രത്യേകിച്ച് നോമ്പുകാലങ്ങളില്‍ നിത്യവും പള്ളിയില്‍ പോകുകയും വിശുദ്ധ കുര്‍ബാന സ്വീകരിക്കുകയും ചെയ്ത് നോമ്പുകാലത്തെങ്കിലും നല്ലരീതിയില്‍ ജീവിക്കാന്‍ ആഗ്രഹിക്കുമ്പോഴായിരിക്കും ഏറ്റവും അധികം പ്രശ്്‌നങ്ങള്‍ നാം നേരിടേണ്ടിവരുന്നത്. അപ്പോള്‍ സ്വഭാവികമായും നമുക്ക് അതിനോട് പ്രതികരിക്കാന്‍ കഴിയാതെ വരും.വെറുതെയല്ല സന്യാസിമാര്‍ ആന്തരികപ്രശാന്തതയെ തകര്‍ക്കാന്‍ കഴിയാത്തവിധത്തിലുള്ള ഒറ്റപ്പെട്ട മലമുകളുകള്‍ തേടിപോയത്. പക്ഷേ നമുക്കത് സാധ്യമല്ലാത്തതുകൊണ്ട് ഇവിടെ ആയിരുന്നുകൊണ്ട് അവയൊടോക്കെ പൊരുതുകയേ രക്ഷയുള്ളൂ. ക്ഷമ, സഹിഷ്ണുത, വിവേകം, ജ്ഞാനം എന്നിവ കൊണ്ടാണ് ക്രിസ്തു സാത്താനെ നേരിട്ടത് എന്ന് നമുക്കറിയാം. അവിടുന്ന് സാത്താനോട് കോപിച്ചില്ല, പൊട്ടിത്തെറിച്ചില്ല..
നാമും ആ മാര്‍ഗ്ഗമമാണ് സ്വീകരിക്കേണ്ടത്. നമ്മുടെ വ്യക്തിത്വത്തെ, ആത്മീയതയെ ഏതുവിധേനയും പരിക്കുകള്‍ പറ്റാതെ കാത്തുസൂക്ഷിക്കുക.വിനായക് നിര്‍മ്മല്