സ്‌പെഷ്യല്‍ മാരേജ് ആക്ട് അനുസരിച്ചുള്ള വിവാഹങ്ങളുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടികള്‍ പുന: പരിശോധിക്കണം: കെസിബിസി

കൊച്ചി: സ്‌പെഷ്യല്‍ മാരേജ് ആക്ട് അനുസരിച്ചുള്ള വിവാഹങ്ങളുമായി ബന്ധപ്പെട്ട് സ്വീകരിച്ച അനാരോഗ്യകരമായ തീരുമാനങ്ങള്‍ പുന:പരിശോധിക്കണമെന്നും കാലാനുസൃതവും സമൂഹം ആവശ്യപ്പെടുന്നതുമായ പരിഷ്‌ക്കരണങ്ങള്‍ വരുത്താനുള്ള നടപടികള്‍ ഉണ്ടാകണമെന്നും കെസിബിസി ഡെപ്യൂട്ടി സെക്രട്ടറിയും വക്താവുമായ റവ. ഡോ വര്‍ഗീസ് വള്ളിക്കാട്ട്.

രജിസ്റ്റര്‍ ചെയ്യപ്പെടുന്ന വിവാഹങ്ങളുടെ നോട്ടീസ് രജിസ്‌ട്രേഷന്‍ വകുപ്പിന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുന്ന പതിവ് അവസാനിപ്പിക്കാന്‍ നിര്‍ദ്ദേശം നല്കിയതായി അറിയിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സ്വകാര്യ വിവരങ്ങള്‍ ദുരുപയോഗം ചെയ്യുന്നു എന്ന ആരോപണത്തിന് കൂടുതല്‍ വ്യക്തത നല്‍കേണ്ട ഉത്തരവാദിത്തം സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കുണ്ട്. അത്തരത്തില്‍ വ്യക്തിവിവരങ്ങള്‍ ദുരുപയോഗിക്കുന്നവര്‍ക്കെതിരെ നിയമപരമായ നടപടികള്‍ സ്വീകരിക്കുന്നതിന് പകരം അനാവശ്യമായ രഹസ്യാത്മക രജിസ്‌ട്രേഷന്‍ നടപടികള്‍ക്ക് ആവശ്യമാണെന്ന് വരുത്തുന്നതിന്റെ കാരണം ദുരൂഹമാണ്.

കേരളത്തിന്റെ പശ്ചാത്തലത്തില്‍ വിവാഹം എന്നത് രഹസ്യമായ നടപടിയല്ല. മാതാപിതാക്കളോ ബന്ധുക്കളോ സുഹൃത്തുക്കളോ അറിയാതെ വിവാഹം നടത്തണം എന്ന് ആരെങ്കിലും ചിന്തിക്കുന്നെങ്കില്‍ അതിന് പിന്നില്‍ നിഗൂഢമായ മറ്റ് ചില ലക്ഷ്യങ്ങള്‍കൂടി ഉണ്ടായിരിക്കാനുള്ള സാധ്യതകളാണുളളത്. വിവാഹവിവരം രഹസ്യമായി സൂക്ഷിക്കുന്നത് യുക്തമാണെന്ന് കരുതുന്നവര്‍ സമൂഹത്തില്‍ വര്‍ദ്ധിച്ചുവരുന്ന സ്ത്രീപീഡനങ്ങളും പ്രണയക്കുരുക്കുകളും കാണാന്‍ കൂട്ടാക്കാത്തവരുമാണെന്നും പത്രക്കുറിപ്പ് പറയുന്നു. മിശ്രവിവാഹങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ വെബ്‌സൈറ്റില്‍ നിന്ന് ലഭിച്ചതിനെതുടര്‍ന്ന് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ഇടപെടാനിടയായ സംഭവവുമായി ബന്ധപ്പെട്ട് ഒരു യുവാവിന്റെ പരാതിയിന്മേലാണ് ഗവണ്‍മെന്റ് ഇത്തരത്തിലുള്ള നടപടി സ്വീകരിച്ചിരിക്കുന്നത്.