നേഴ്‌സാകാന്‍ അധികാരികള്‍ വിട്ടു, പക്ഷേ ആര്‍ക്കിടെക്റ്റായി.. ഇന്ന് പള്ളികള്‍ ഡിസൈന്‍ ചെയ്യുന്നത് ഈ കന്യാസ്ത്രീയാണ്

മുംബൈ: സാധാരണയായി കന്യാസ്ത്രീകള്‍ ചെയ്യുന്ന സേവനങ്ങളില്‍ നി്‌ന്നെല്ലാം വ്യത്യസ്തമാണ് സിസ്റ്റര്‍ വിമല ജോസഫ് തോട്ടുമണ്ണിലിന്റേത്. മുംബൈയിലെ കോണ്‍വെന്റില്‍ 30 വര്‍ഷത്തിലേറെയായി സിസ്റ്റര്‍ വിമല ചെയ്യുന്നത് ആര്‍ക്കിടെക്റ്റിന്റെ ജോലിയാണ്. ദേവാലയങ്ങളുടെയും ചാപ്പലുകളുടെയും ഇന്റീരിയര്‍ ഡിസൈന്‍ ചെയ്യുക എന്നതാണ് സിസ്റ്റര്‍ വിമലയുടെ ജോലി.

ഇന്ത്യയിലെ വിവിധ ദേവാലയങ്ങള്‍ ഇതിനകം സിസ്റ്റര്‍ ഡിസൈന്‍ ചെയ്തുകഴിഞ്ഞു. ഇന്ന് 65 ാം വയസില്‍ എത്തിനില്ക്കുന്ന സിസ്റ്റര്‍, 1988 മുതല്‍ ഈ ഫീല്‍ഡിലുണ്ട്. പയസ് ഡിസിപ്പിള്‍സ് ഓഫ് ദ ഡിവൈന്‍ മാസ്റ്റര്‍ എന്ന സന്യാസസഭയിലെ അംഗമാണ്. സത്യത്തില്‍ 1982 ല്‍ സിസ്റ്റര്‍ ഇറ്റലിയിലെത്തിയത് നേഴ്‌സിംങ് പഠനത്തിനായിട്ടാണ്.

പക്ഷേ സിസ്റ്ററുടെ ശാരീരികപ്രകൃതി നോക്കിയപ്പോള്‍ ഇറ്റലിയിലെ അധികാരികള്‍ തീരുമാനം മാറ്റുകയായിരുന്നു. നേഴ്‌സിംങ് പഠിപ്പിക്കാതെ ആര്‍ക്കിടെക്റ്റ് പഠിപ്പിക്കാനാണ് അധികാരികള്‍ തീരുമാനിച്ചത്. അത് സിസ്റ്റര്‍ വിമലയുടെ ജീവിതത്തെ അപ്പാടെ മാറ്റിമറിക്കുകയായിരുന്നു. ക്രിസ്തുവിനെ ആരാധിക്കാനുള്ള മനോഹരമായ ഒരു വഴിയാണ് ആര്‍ക്കിടെക്റ്റ് എന്നാണ് സിസ്റ്ററുടെ വിശ്വാസം.

കലയിലൂടെയും സൗന്ദര്യത്തിലൂടെയും സുവിശേഷവല്‍ക്കരണം നടത്തുക എന്നതിനെ വലിയൊരു കാര്യമായി സിസ്റ്റര്‍ കരുതുന്നു.