അല്‍ഫോന്‍സാമ്മയ്ക്ക് സമര്‍പ്പിച്ച ആദ്യ പുസ്തകം

ഇന്ന് അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍. ഭരണങ്ങാനത്തിന്റെ ചരിത്രത്തില്‍ ആദ്യമായിട്ടായിരിക്കും ഇന്നേ ദിനം വിശ്വാസികളുടെ പെരുപ്പമില്ലാതെ ഏറെക്കുറെ ശൂന്യമായി കടന്നുപോകുന്നത്. പക്ഷേ ഒരിക്കലെങ്കിലും അല്‍ഫോന്‍സാമ്മയുടെ സന്നിധിയിലെത്തുകയോ തിരുനാളില്‍ പങ്കെടുക്കുകയോ ചെയ്തവര്‍ക്കെല്ലാം മനസ്സുകൊണ്ടെങ്കിലും അവിടെ ഇന്ന് മുട്ടുകുത്താതിരിക്കാനവില്ല, കൈകള്‍ കൂപ്പാതിരിക്കാനുമാവില്ല. ഒരുപക്ഷേ അവരുടെ മനസ്സില്‍ ചെറിയൊരു സങ്കടമെങ്കിലും അവശേഷിക്കുകയും ചെയ്യുന്നുണ്ടാവും.

അല്‍ഫോന്‍സാമ്മയെക്കുറിച്ച് ഓരോരുത്തര്‍ക്കും ഓരോന്ന് പറയാനുണ്ടാവും. അമ്മയുടെ സ്‌നേഹം അറിഞ്ഞതിന്റെ, അമ്മ ആശ്വസിപ്പിച്ചതിന്റെ, അമ്മ വഴി പറഞ്ഞുകൊടുത്തതിന്റെ…. അങ്ങനെയങ്ങനെ..

അല്‍ഫോന്‍സാമ്മയോടുള്ള എന്റെ സ്‌നേഹത്തിന്റെയും വ്യക്തിബന്ധത്തിന്റെയും കഥകള്‍ ഇതിനകം എഴുതിയിട്ടുള്ളതാണ്. ഒരു പെങ്ങള്‍ക്കടുത്ത സ്‌നേഹമാണ് എനിക്ക് അല്‍ഫോന്‍സാമ്മയോടുള്ളതെന്ന്.. എന്റെ മൂത്ത മകന് ഞാന്‍ അവന്റെ ചെറുപ്രായത്തില്‍ പറഞ്ഞുകൊടുത്ത് വിളിപ്പിച്ചത് സിസ്റ്ററാന്റിയെന്നാണെന്ന്..അങ്ങനെ പലതും.

പക്ഷേ ഇപ്പോള്‍ അതൊന്നുമല്ല പറയാന്‍ പോകുന്നത്. അടുത്തകാലത്താണ് എന്റെ മനസ്സിലേക്ക് ആ പഴയ ഓര്‍മ്മ കടന്നുവന്നത്. എന്റെ ആദ്യത്തെ പുസ്തകം ഇറങ്ങിയത് എംഎയ്ക്ക് പഠിക്കുമ്പോള്‍. ജീവന്‍ബുക്‌സില്‍ നിന്ന് പുറത്തിറങങിയ പുതിയ കീര്‍ത്തനങ്ങള്‍ എന്ന ചെറുനോവല്‍.മഞ്ഞകവറുള്ള പുസ്തകം അന്നത്തെ മാനേജരായിരുന്ന ഡൊമിനിക്കച്ചന്‍ എന്നോട് കാണിച്ച വലിയ സ്‌നേഹമായിരുന്നു അത്. ഒരു എംഎക്കാരന്റെ പുസ്തകം അച്ചടിക്കാന്‍ തയ്യാറാവുക. അതൊരു സാഹസം കൂടിയായിരുന്നു.

ആദ്യമായി കൈയില്‍ കിട്ടിയ പുസ്തകവുമായി ജീവന്‍ ബുക്‌സില്‍ നിന്ന് റോഡ് മുറിച്ചുകടന്ന് ഞാന്‍ നേരെ പോയത് അല്‍ഫോന്‍സാമ്മയുടെ അരികിലേക്കാണ്. അവിടെ പഴയ പള്ളിയുടെ കവാടത്തിലായി സ്ഥാപിച്ചിരുന്ന അല്‍ഫോന്‍സാമ്മയുടെ ചില്ലിട്ട രൂപത്തിന് അരികിലേക്ക്.. അന്ന് അവിടെ ഉപകാരസ്മരണയായി ലഭിച്ച അനേകം കാര്യങ്ങള്‍ പ്രദര്‍ശിപ്പിച്ചിരുന്നു.

വര്‍ഷങ്ങള്‍ക്ക് ശേഷം കുഞ്ഞ് ലഭിച്ചതിന്റെയും വിവാഹം നടന്നതിന്റെയും വിദേശത്തേക്ക് പോകാന്‍ സാധിച്ചതിന്റെയുമായ നിരവധി കൃതജ്ഞതാപ്രകടനങ്ങള്‍ ഫോട്ടോയായി പ്രദര്‍ശിപ്പിച്ചിരുന്നു. അതിന്റെ ഇടയിലേക്ക് ഞാനെന്റെ മഞ്ഞപ്പുസ്തകത്തെയും ചേര്‍ത്തുവച്ചു,ഹൃദയം നിറഞ്ഞ സ്‌നേഹത്തോടെ. അല്‍ഫോന്‍സാമ്മയോട് മാധ്യസ്ഥം പ്രാര്‍ത്ഥിച്ചിരുന്നതിന്റെ അടയാളമായിട്ടാണ് പുസ്തകം പുറത്തിറങ്ങിയത്. പുസ്തകത്തിന് വേണ്ടി ഞാന്‍ ഒരുപക്ഷേ അല്‍ഫോന്‍സാമ്മയോട് മാത്രമേ മാധ്യസ്ഥം പ്രാര്‍ത്ഥിച്ചിട്ടുമുണ്ടാവൂ.

അന്ന് അല്‍ഫോന്‍സ വാഴ്ത്തപ്പെട്ട പദവിയിലായിരുന്നു. പക്ഷേ ശനിയാഴ്ചകളില്‍ അല്‍ഫോന്‍സാ ചാപ്പലില്‍ നടന്നിരുന്ന നൊവേനയില്‍ പങ്കെടുക്കാന്‍ മുടക്കമില്ലാതെയെന്നോണം ഞാന്‍ പാലായില്‍നിന്ന് വരാറുണ്ടായിരുന്നു. അന്നൊക്കെ നിയോഗം കണക്കെ പ്രാര്‍ത്ഥിച്ചത് ഒരു പുസ്തകം ഇറങ്ങണേയെന്ന് തന്നെയായിരുന്നു. ഇപ്പോഴിതാ, അന്നത്തെ ആ കൗമാരക്കാരന്റെ പ്രാര്‍ത്ഥനകള്‍ക്ക് അവന്റെ സ്വര്‍ഗ്ഗത്തിലുള്ള പെങ്ങള്‍ ദൈവത്തോട് ശുപാര്‍ശ ചെയ്തതിന്റെ ഫലമായി ആദ്യപുസ്തകം പുറത്തിറങ്ങിയിരിക്കുന്നു!.

അന്ന് അങ്ങനെ പുസ്തകം അല്‍ഫോന്‍സാമ്മയുടെ കാല്‍പാദത്തിങ്കല്‍ സമര്‍പ്പിച്ച് പടിയിറങ്ങുമ്പോള്‍ ഇനിയൊരിക്കലെങ്കിലും ഒരു പുസ്തകം ഇറക്കാന്‍ കഴിയുമെന്ന് കരുതിയിരുന്നതേയില്ല. പക്ഷേ വര്‍ഷങ്ങള്‍ പോകവെ എത്രയെത്ര പുസ്തകങ്ങള്‍.. ഒന്നും സ്വന്തം കഴിവല്ല. ദൈവാനുഗ്രഹം. അതില്‍ തീര്‍ച്ചയായും എന്റെ അല്‍ഫോന്‍സാമ്മയുടെ മാധ്യസ്ഥ പ്രാര്‍ത്ഥനയുമുണ്ട്. വൈകികിട്ടിയ തിരിച്ചറിവാണ് അത്.

അല്‍ഫോന്‍സാമ്മക്ക് സമര്‍പ്പിച്ച ആ പുസ്തകത്തെ പ്രതി അവള്‍ എനിക്കുവേണ്ടി എന്റെ എഴുത്തിന്റെ വഴികളില്‍ പ്രകാശം ചൊരിഞ്ഞു. ദൈവത്തോട് അഭിഷേകം ചൊരിയാന്‍ അപേക്ഷിച്ചു. ആ അനുഗ്രഹം.. ആ മാധ്യസഥം.. എന്റെ പെങ്ങളേ നിനക്ക് നന്ദി.. ഇതേവരെയുള്ള എന്റെ എഴുത്തിന്റെ പേരില്‍ നിന്നോട് നന്ദിപറയാന്‍ ഇത്രയും വൈകിയതില്‍ മാപ്പ്.

എഴുത്തിന്റെ മേഖലയില്‍ എന്തെങ്കിലുമൊക്കെ ആയിത്തീരാന്‍ ആഗ്രഹിക്കുന്ന ആരെങ്കിലും ഈ കുറിപ്പ് വായിക്കുന്നുണ്ടെങ്കില്‍ അവരോടൊന്നേ പറയാനുള്ളൂ, അല്‍ഫോന്‍സാമ്മയ്ക്ക് എഴുത്തിനെ സമര്‍പ്പിച്ചുകൊടുക്കുക. അവള്‍ നിന്റെ എഴുത്തിനെ സ്‌നേഹത്തിന്റെയും സഹനത്തിന്റെയും ചന്ദനം പുരട്ടി സുഗന്ധപൂരിതമാക്കും.

വിനായക് നിര്‍മ്മല്‍