ലോസ് ആഞ്ചല്‍സ്: നൂറ്റാണ്ടുകള്‍ പഴക്കമുളളതും ദേശചരിത്രത്തില്‍ നാഴികക്കല്ലുമായ സാന്‍ ഗബ്രിയേല്‍ മിഷന് ചര്‍ച്ച് കഴിഞ്ഞ ദിവസം കത്തിനശിച്ചു. ശനിയാഴ്ച വെളുപ്പിന് നാലുമണിയോടെയാണ് തീപിടിത്തം ഉണ്ടായത്. 249 വര്‍ഷത്തെ പഴക്കമുളള ദേവാലയത്തിന്റെ മേല്‍ക്കൂരയും അകവും പൂര്‍ണ്ണമായും കത്തിനശിച്ചു. അഗ്നിസേനാവിഭാഗമെത്തിയാണ് തീയണച്ചത്.
ഹൃദയഭേദകമാണ് ഈ നാശനഷ്ടമെന്ന് അഗ്നിസേനാവിഭാഗം തലവന്‍ ക്യാപ്റ്റന്‍ അന്റോണിയോ പറഞ്ഞു ദേവാലയത്തിന്റെ 250 ാം വാര്‍ഷികത്തോട് അനുബന്ധിച്ച് പുനരുദ്ധാരണപ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിന്റെ ഭാഗമായി ചരിത്രപ്രധാനമായ പെയ്ന്റിങുകളും മറ്റും നേരത്തെ തന്നെ മാറ്റിയിരുന്നുവെന്നും അതുകൊണ്ട് തീപിടിത്തത്തില്‍ അവ ഉള്‍പ്പെട്ടിട്ടില്ലെന്നും അതിരൂപതവക്താവ് അറിയിച്ചു.
ലോസ് ആഞ്ചല്‍സ് ആര്‍ച്ച് ബിഷപ് ജോസ് ഗോമസ് സംഭവസ്ഥലം സന്ദര്‍ശിച്ചു. ആര്‍ക്കും പരിക്കുപറ്റാത്തതില് അദ്ദേഹം ദൈവത്തിന് നന്ദിപറഞ്ഞു. വിശുദ്ധ ജൂനിപ്പെറോ സ്ഥാപിച്ച നാലാമത്തെ മിഷന് കേന്ദ്രമാണ് ഇത്.
കാലിഫോര്ണിയാക്കാരെ ക്രിസ്തുമതത്തിലേക്ക് നയിച്ചത് ഈ വിശുദ്ധനായിരുന്നു. 2015 ല്‍ ഫ്രാന്‍സിസ് മാര്‍പാപ്പയാണ് ജൂനിപ്പെറോയെ വിശുദ്ധപദവിയിലേക്കുയര്‍ത്തിയത്. ഇപ്പോള്‍ അമേരിക്കയിലുടനീളം വിശുദ്ധന്റെ രൂപങ്ങള്‍ക്ക് നേരെ അക്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്.
തീപിടുത്തത്തെക്കുറിച്ചു അന്വേഷണം ആരംഭിച്ചിട്ടുണ്ട്.